മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽവെച്ച് പാമ്പുകടിയേറ്റ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ പാമ്പുകടിയേറ്റ ആറുപേരിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരം.

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട എട്ട്, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥിനികൾക്കാണ് പാമ്പുകടിയേറ്റത്. ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച പുലർച്ചെ ആണ് സംഭവം. ഗഡ്ചിരോളിയിലെ ജപ്തലായ് ഗ്രാമത്തിലുള്ള പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂളിൻ്റെ ഹോസ്റ്റലിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികൾക്കാണ് പാമ്പുകടിയേറ്റത്. കടിയേറ്റതിനെ തുടർന്ന് വിദ്യാർത്ഥിനികൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ, ആദ്യം ഗ്രാമത്തിലെ തന്നെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ മൂന്നു വിദ്യാർത്ഥിനികൾക്ക് മരണം സംഭവിച്ചു. മറ്റ് മൂന്നുപേർ ചികിത്സയിലാണ്. ഇവരുടെ പ്രായം 11നും 14നും ഇടയിലാണ്. ഇതിൽ ഒരാളുടെ നില ആണ് ഗുരുതരമായിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിൻ്റെയും ഗഡ്ചിരോളി പൊലീസിൻ്റെയും സഹായത്തോടെ വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പുരിലെ ജിഎംസി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.

പെൺകുട്ടികളുടെ മരണത്തിന് പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷാകർത്താക്കളും നാട്ടുകാരും രംഗത്തെത്തി. സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡ, വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. മൂന്ന് വിദ്യാർത്ഥികൾ ചികിത്സയിലാണെന്നും മെഡിക്കൽ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈബൽ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള സംഘം സംഭവസ്ഥലം പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികളുടെ മരണത്തിൽ ഗഡ്ചിരോളി ജില്ലയുടെ ചുമതലയുള്ള മന്ത്രി ആഷിഷ് ജയ്സ്വാൾ ദുഖം രേഖപ്പെടുത്തി.