
ദില്ലി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ.
രാജസ്ഥാനിലെ ബാമറിലെ റാലിയിലാണ് ഇന്നലെ നരേന്ദ്ര മോദി, ബിആർ അംബേദ്ക്കറിന് പോലും ഇന്ന് ഇന്ത്യൻ ഭരണഘടന തിരുത്താൻ കഴിയില്ല എന്ന് വ്യക്തമാക്കിയത്. രാജസ്ഥാനിൽ പാർട്ടി പ്രതിസന്ധി നേരിടുന്ന സീറ്റുകളിലൊന്നാണ് ബാമറെന്നാണ് സർവ്വെ റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ആറിടത്തും ഹരിയാനയിലെ അഞ്ചു സീറ്റുകളിലും കടുത്ത മത്സരം എന്നാണ് പാർട്ടി നടത്തിയ വിലയിരുത്തലെന്നാണ് സൂചന. രാജസ്ഥാനിൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി മാറ്റവും മുന്നോക്ക സമുദായങ്ങളുടെ അതൃപ്തിയും പാർട്ടിക്ക് തലവേദനയാകുകയാണ്.
ബാമറിലും ബിജെപി സ്ഥാനാർത്ഥി കൈലാഷ് ചൗധരിയോട് വലിയ എതിർപ്പ് ദൃശ്യമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മോദിയുടെ റാലിക്ക് ഇന്നലെ നല്ല ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞു. സംവരണം ചർച്ചയാകുമ്പോൾ പട്ടികജാതി വോട്ടുകൾ ചോരാതിരിക്കാനാണ് ഭരണഘടനയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മോദി പറഞ്ഞത്. ചുരു ഉൾപ്പടെ പ്രതിസന്ധിയുള്ള മറ്റ് സീറ്റുകളിലും മോദിയെ പ്രചാരണത്തിനെത്തിക്കാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. ഹരിയാനയിലെ ഒബിസി വിഭാഗത്തിലെ നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിൽ ജാട്ട് വിഭാഗം അതൃപ്തിയിലാണ്. ബിജെപിയിൽ ചേർന്ന മുൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് തൻവർ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഹരിയാനയിലെ വോട്ടെടുപ്പിന് ഒരു മാസം ഉണ്ടെന്നിരിക്കെ പ്രചാരണത്തിലൂടെ ഇത് നേരിടാനാണ് പാർട്ടി സംസ്ഥാന ഘടകം ആലോചിക്കുന്നത്. നരേന്ദ്ര മോദിയെ 48 ശതമാനവും രാഹുൽ ഗാന്ധിയെ 27 ശതമാനവും പിന്തുണയ്ക്കുന്നു എന്നാണ് സിഎസ്‌ഡിഎസ് ലോക്‌നീതി സർവ്വെയുടെ കണ്ടെത്തൽ. മോദിയുടെ ജനപിന്തുണ ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചേക്കാമെങ്കിലും 2019നെക്കാൾ നല്ല മത്സരം ഇത്തവണ നടന്നേക്കാം എന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ അടിസ്ഥാന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാനുള്ള നിർദ്ദേശങ്ങൾ നാളെ പുറത്തിറക്കുന്ന പ്രകടന പത്രികയിൽ പ്രതീക്ഷിക്കാം.
സിഎസ്‌ഡിഎസ് - ലോക്‌നീതി സര്‍വെ റിപ്പോര്‍ട്ട്
എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സിഎസ്‌ഡിഎസ് നടത്തിയ സർവേ ഫലം. ഇതിൽ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോക്‌നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സിൽ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ സർവേ. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും തുല്യതായുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത് 10 ശതമാനം പേർ മാത്രമാണ്. .
രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ ഒരു കണ്ടെത്തൽ. 2019 ൽ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാൽ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏതെങ്കിലും തരത്തിൽ അവിശ്വാസം രേഖപ്പെടുത്തി. വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ അവർത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സർവേയിലെ കണ്ടെത്തലാണ്. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേർ കരുതുന്നു.
അതേസമയം കൂടുതൽ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നതd നരേന്ദ്ര മോദിയെയാണ്, 48%. രാഹുൽ ഗാന്ധിയെ 27% പേര്‍ പിന്തുണക്കുന്നു. മോദിയുടെ ഗ്യാരന്റിയെ 56% പേര്‍ പിന്തുണക്കുന്നു. 49% പേര്‍ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്. 2019 ൽ 65% പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിൽ തൃപ്തരായിരുന്നെങ്കിൽ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam