മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി; സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാലാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍

By Web TeamFirst Published Jun 28, 2022, 8:49 PM IST
Highlights

 ഒരു ഹിന്ദി സിനിമയുടെ ദൃശ്യം പങ്കുവെച്ചതിനാണ് അറസ്റ്റെന്നും  സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാല്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും മുഹമ്മദ് സുബൈർ കോടതിയില്‍ പറഞ്ഞു.
 

ദില്ലി: മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി പാട്യാല ഹൗസ് കോടതി. നാല് ദിവസത്തേക്കാണ്  പൊലീസിന് കസ്റ്റ‍ഡി നീട്ടിയത്.  ഒരു ഹിന്ദി സിനിമയുടെ ദൃശ്യം പങ്കുവെച്ചതിനാണ് അറസ്റ്റെന്നും  സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാല്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും മുഹമ്മദ് സുബൈർ കോടതിയില്‍ പറഞ്ഞു.

മുഹമ്മദ് സുബൈറില്‍ നിന്ന് ലാപ്ടോപ്  അടക്കമുള്ളവ കണ്ടെടുക്കേണ്ടതുണ്ടെന്നും അതിനായി അഞ്ച് ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. ഇതടക്കമുള്ള വാദങ്ങള്‍ പരിഗണിച്ച് കോടതി കസ്റ്റഡി നീട്ടുകയായിരുന്നു. ബംഗളൂരുവില്‍ പ്രവർത്തിക്കുന്നതിനാല്‍ മുഹമ്മദ് സുബൈറുമായി പൊലീസ് വൈകാതെ കർണാടകയിലേക്ക് പോകും. 

എ‍ഡിറ്റ് ചെയ്ത ചിത്രമാണ് പങ്കുവെച്ചതെന്ന പൊലീസിന്‍റെ വാദം മുഹമ്മദ് സുബൈറിനായി വാദിച്ച അഭിഭാഷക വൃന്ദ ഗ്രോവർ തള്ലി. 1983 ലെ ഒരു ഹിന്ദി സിനിമയിലെ ദൃശ്യമാണ് ട്വീറ്റ് ചെയ്തതത് എ‍ഡിറ്റിങ് ഉണ്ടായില്ല. പ്രഥമദൃഷ്ട തന്നെ മതവിദ്വേഷം ജനിപ്പിക്കുന്ന ഒന്നുമില്ലെന്നും വൃന്ദ ഗ്രോവർ വ്യക്തമാക്കി. 

അധികാരത്തില്‍ ഉള്ളവരോടൊപ്പം നില്‍ക്കുന്നില്ല എന്നത് കൊണ്ട് തന്‍റെ സ്വാതന്ത്ര്യം തടയാന്‍ കഴിയില്ലെന്നും പൊലീസ് അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും സുബൈറിനായി വാദിച്ച അഭിഭാഷക പറഞ്ഞു. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിൻറെ  അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു.

അതേസമയം മാധ്യമപ്രവർത്തകന്‍റെ അറസ്റ്റിനെതിരായ  പ്രതിഷേധം തുടരുകയാണ്.ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ ഉയരുന്ന നീക്കങ്ങളെ എതിര്‍ക്കുമെന്ന  ജി എഴ് രാജ്യങ്ങളുടെ  പ്രസ്താവനയില്‍ പ്രധാനമന്ത്രി ഒപ്പു വെച്ചതിന് പിന്നാലെയുള്ള അറസ്റ്റിനെതിരായാണ് വിമ‍ർശനം. ദേശീയ  വികാരം ഇളക്കി വിടാനും,  ധ്രുവീകരിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സുബൈർ പ്രവർത്തിക്കുന്ന ഓള്‍ട്ട് ന്യൂസിനോട് നീരസം കാണുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു .  

Read Also: കേസ് അസംബന്ധമെന്ന് അഭിഭാഷക, നടപടി രാഷ്ട്രീയപരമല്ലെന്ന് പൊലീസ്

click me!