Cyclone Asani :അസാനി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേക്ക് അടുക്കുന്നു, മുന്നോട്ട് പോകും തോറും ശക്തി കുറയും

Published : May 11, 2022, 02:05 PM IST
Cyclone Asani :അസാനി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേക്ക് അടുക്കുന്നു, മുന്നോട്ട് പോകും തോറും ശക്തി കുറയും

Synopsis

അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ അസാനിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 

വിശാഖപട്ടണം: അസാനി ചുഴലിക്കാറ്റ് (Cyclone asani) ആന്ധ്ര തീരത്തിന് അടുത്തെത്തി. ആന്ധ്ര - ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ അടക്കം ആറ് പേരെ കാണാതായി. വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചിട്ടു. നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി. രാത്രിയോടെ തീവ്രത കുറഞ്ഞ് അസാനി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും.

അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ അസാനിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മച്ച്ലി തീരത്തിനടുത്ത് എത്തുന്നതോടെ മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.  അതേസമയം ആന്ധ്ര - ഒഡീഷ തീരങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ മഴ കൂടുതല്‍ ശക്തമായി തുടരുകയാണ്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ഗന്‍ജം തുറമുഖത്തോട് ചേര്‍ന്ന് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. കാണാതായ പോയ 4 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളിലും കനത്ത മഴയുണ്ട്. 

വിശാഖപട്ടണം, വിജയവാഡ വിമനാത്താവളങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ്, ചെന്നൈ, ബെംഗ്ലൂരു വിമാനത്താവളങ്ങളില്‍ നിന്നും ചില സര്‍വ്വീസുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലൂടെയുള്ള ഇരുപതോളം റദ്ദാക്കി. വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചു. വരും മണിക്കൂറുകളില്‍ അസാനി കൂടുതല്‍ ദുര്‍ബലമായി തീവ്രന്യൂനമര്‍ദ്ദമാകും. വൈകിട്ടോടെ ആന്ധ്ര തീരത്ത് നിന്ന് ദിശ മാറി യാനം കാക്കിനട വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. തമിഴ്നാട് പുതുച്ചേരി കര്‍ണാടക തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയേയും നാവിക സേനയയും ദുരന്ത സാധ്യതാ മേഖലകളില്‍ വിന്യസിച്ചു.

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മണിക്കൂറിൽ അന്പത് കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്