
ദില്ലി: ബിപോർജോയ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് സൗരാഷ്‌ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ഇതിനോടകം 47000 ത്തിന് അടുത്ത് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബിപോർജോയ് നേരിട്ട് ബാധിക്കുന്ന കച്ചിൽ നിന്നാണ് കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുനുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും നാളെയുമായി 50 ട്രെയിനുകൾ റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...