
ചെന്നൈ: ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ തീരത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നാശനഷ്ടങ്ങളാണ് വരുത്തിയത്. ശ്രീലങ്കയിൽ 159 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റ് നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. ഇന്ന് പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ശ്രീലങ്കക്കും മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്. വടക്ക്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാനാണ് സാധ്യത.
തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും , തമിഴ്നാട്ടിൽ മണിക്കൂർ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴക്ക് സാധ്യതയുണ്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ടും, ചെന്നൈ അടക്കം 13 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കനത്ത മഴയിൽ വേദാരണ്യത്ത് 9000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങി തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി റവന്യൂ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. വിവിധ ജില്ലകളിലായി 28 എൻ ഡി ആർ എഫ് -എസ് ഡി ആർഎഫ് സംഘങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദങ്ങളിലേക്ക് മാറ്റിയതായും റവന്യു മന്ത്രി അറിയിച്ചു. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. ഗതാഗതത്തെയും സാധാരണ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ശ്രീലങ്കയിൽ സർവനാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിൽ മരണം 200 കടന്നു. മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാകും എന്ന പ്രതീക്ഷയിൽ അധികൃതർ. രക്ഷാദൗത്യത്തിൽ മൂന്നു ഇന്ത്യൻ യുദ്ധക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്. കൊളംബോയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇന്ത്യൻ ഹൈക്കമ്മീഷൻ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഡിറ്റ് വാ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. 774,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 100,000 പേരെ 798 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.