
ഭുവനേശ്വർ: ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് മരണം. പത്ത് പേർക്ക് പരിക്കേൽക്കുകയും 100ലധികം വീടുകൾ തകരുകയും ചെയ്തെന്നാണ് റിപ്പോർട്ട്. മയൂർഭഞ്ച് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കരൻജിയയിലെ കിയ ഗ്രാമമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. ശക്തമായ കാറ്റ് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിൽ നിരവധി വലിയ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഇതോടെ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചില ഭാഗങ്ങളിൽ ഗതാഗത തടസവുമുണ്ടായി. ശക്തമായി വീശിയടിച്ച കാറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളെയും ബാധിച്ചതായാണ് വിവരം. കാറ്റിന്റെ ശക്തിയിൽ ഒരു ഓട്ടോറിക്ഷ റോഡിൽ നിന്ന് തെന്നിമാറി അടുത്തുള്ള കുളത്തിലേക്ക് വീണതായും റിപ്പോർട്ടുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam