അർണാബിന് പിന്നാലെ ആഞ്ഞടിക്കാൻ മുറസു; കനത്ത മഴയ്ക്ക് സാധ്യത, ആന്ധ്രയിൽ ജാഗ്രത, ചെന്നൈയിൽ സ്‌കൂളുകൾക്ക് അവധി

Published : Nov 02, 2026, 04:23 AM IST
cyclone murasu

Synopsis

അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെന്നൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ചെന്നൈ: അർണാബ് ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിൽ നാശം വിതച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റ് ആയി തെക്കൻ ആന്ധ്രയിൽ കരതൊടും. വടക്കൻ തമിഴ്നാട്ടിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. നവംബർ 2-ന് പുലർച്ചെയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ ആന്ധ്രയിൽ അതിതീവ്ര മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റായലസീമയിലും തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.

ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തയ്യാറെടുപ്പുകൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എൻഡിആർഎഫിന്റെ 6 ടീമുകളെയും എസ്ഡിആർഎഫിന്റെ 7 ടീമുകളെയും പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സഹായത്തിന് 112 അല്ലെങ്കിൽ 1070 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒഡീഷയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അർണാബ് ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം ഒഡീഷയിൽ ഒരു ലക്ഷത്തിലേറെ ആളുകളെ ബാധിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ ഭീഷണി എത്തുന്നത്. ദക്ഷിണ ഒഡീഷയിൽ നവംബർ 4 വരെ മഴ തുടരുമെന്നാണ് അറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മഹാറാലി വൻ ഫ്ലോപ്പ്, മൈതാനത്തിന്‍റെ 40 ശതമാനം കാലി'; ആ ആൾക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമെന്ന് ബിജെപി
രാജ്യത്തെ ഏറ്റവും വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: പ്രമോട്ടർ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു