അർധരാത്രിയോടെ നിസ‍ർഗ തീവ്രചുഴലിയാവും; 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത

By Web TeamFirst Published Jun 2, 2020, 6:32 AM IST
Highlights

നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും അപ്പോൾ വേഗം. 

ദില്ലി: അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും അപ്പോൾ വേഗം. അർധരാത്രിയോടെ നിസ‍ർഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. 

നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ കാറ്റ് തീരം തൊടും. 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്‍റെ തെക്കും തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമായതിനാൽ സംസ്ഥാനങ്ങൾ മത്സ്യബന്ധനം വിലക്കി ബോട്ടുകൾ തിരികെ വിളിച്ചു. 

തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

click me!