ഡി കെ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കിയേക്കും; കർണാടകയില്‍ ഇന്ന് പ്രതിഷേധദിനം

By Web TeamFirst Published Sep 4, 2019, 5:53 AM IST
Highlights

ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറിഞ്ഞു. 

ദില്ലി: കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്ത കോൺഗ്രസ്‌ നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാ‌ർ ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിഷേധം കണക്കിൽ എടുത്ത്  ശിവകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു. അറസ്റ്റിൽ കർണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതൽ ഉയരുന്നത്. 

ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്നും പ്രതിഷേധം നടത്തും.ശിവകുമാറിന് പിന്തുണയുമായി ജനതാദൾ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന്‌ പ്രതിഷേധ പരിപാടികൾ നടത്തും. 

ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറിഞ്ഞു. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ  കണ്ടെത്തൽ. 

തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 


 

click me!