എപ്സ്റ്റീന്റെ ഇമെയിൽ കോൺഗ്രസ് എഡിറ്റ് ചെയ്ത് പ്രധാനമന്ത്രി മോദിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി. മോദി എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചുവെന്ന നിലയിൽ ഇ മെയിലിൽ എഡിറ്റ് നടത്തിയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം
ദില്ലി: ആഗോള തലത്തിൽ വിവാദ കൊടുങ്കാറ്റുയർത്തിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയർന്നതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി. മോദിക്കെതിരെ കോൺഗ്രസ് വ്യാജ പ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി ബി ജെ പി വക്താവും എം പിയുമായ സംബിത് പത്ര രംഗത്തെത്തി. എപ്സ്റ്റീന്റെ ഇ മെയിൽ സന്ദേശത്തിൽ കോൺഗ്രസ് കൃത്രിമം കാണിച്ചെന്ന ഗുരുതര ആരോപണവും സംബിത് പത്ര ഉയർത്തി. പ്രധാനമന്ത്രി എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചുവെന്ന് വരുത്തിത്തീർക്കുന്ന നിലയിൽ ഇ മെയിലിൽ എഡിറ്റ് നടത്തിയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു. കോൺഗ്രസിന്റേത് തികഞ്ഞ വഞ്ചനയാണെന്നും ഒരു കുറ്റവാളിയുടെ ജൽപനങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നാണക്കേടെന്ന് കോൺഗ്രസ്, ജൽപനമെന്ന് വിദേശകാര്യ മന്ത്രാലയം
അതേസമയം മോദിയുടെ പേരും എപ്സ്റ്റീൻ ഫയലുകളിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദമുയർത്തി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മോദി എന്തിനാണ് എപ്സ്റ്റിന്‍റെ ഉപദേശം കേട്ടതെന്നാണ് കോൺഗ്രസിന്‍റെ ചോദ്യം. ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കളങ്കിത വ്യക്തിയുമായി ബന്ധപ്പെട്ടുവെന്നത് രാജ്യത്തിന്‍റെ അന്തസിനെ ബാധിക്കുന്ന വിഷയമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. എന്നാൽ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. എപ്സ്റ്റീന്‍റെ പരാമർശങ്ങൾ ജൽപനങ്ങളെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. അത്യന്തം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പ്രധാനമന്ത്രി 2017 ൽ ഇസ്രയേലിൽ പോയെന്നതിനപ്പുറം ഒരു യാഥാർത്ഥ്യവുമില്ലെന്നും മന്ത്രാലയം വിവരിച്ചു.
എപ്സ്റ്റീൻ ഫയലിലെ 'മോദി' പരാമർശം ഇപ്രകാരം
അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉണ്ടെന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ഒരു ഇ മെയിലിലെ പരാമർശത്തിൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിൻ മോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മോദി തന്‍റെ ഉപദേശം സ്വീകരിച്ചെന്നാണ് ഈ മെയിലിൽ എപ്സ്റ്റീൻ പരാമർശിച്ചിട്ടുള്ളത്. തന്‍റെ നിർദ്ദേശപ്രകാരം മോദി ഇസ്രയേലിൽ പോയെന്നാണ് എപ്സ്റ്റീൻ വിവരിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്‍റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എന്ത് പ്രയോജനമെന്ന് മെയിലിൽ വ്യക്തമാക്കിയിട്ടില്ല. പ്രായപൂർത്തിയാകാത്ത വരെ ലൈംഗികാവശ്യത്തിനായി കടത്തി എന്ന കേസിൽ 2019 ൽ അമേരിക്കയിൽ അറസ്റ്റിലായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിനെ പിന്നീട് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അങ്ങനെയൊരു വ്യക്തിയുമായി ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എന്തു ബന്ധമാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.


