മട്ടന് പകരം ബീഫ് വിളമ്പിയെന്ന യൂട്യൂബറുടെ പരാതിയിൽ ഹോട്ടൽ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

കൊൽക്കത്ത: മട്ടന് പകരം ബീഫ് വിളമ്പിയെന്ന യൂട്യൂബറുടെ പരാതിയിൽ ഹോട്ടല്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ പ്രശസ്തമായ ഒലിപബ് ബാര്‍ റസ്റ്റോറന്‍റിലാണ് സംഭവം. നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സായക് ചക്രവര്‍ത്തിയാണ് പരാതിക്കാരൻ.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സായക് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് റസ്റ്റോറന്‍റിലെത്തിയത്. ഇവർ മട്ടന്‍ സ്റ്റീക്ക് ഓര്‍ഡര്‍ ചെയ്തു. മട്ടന്‍ ആണെന്ന ധാരണയില്‍ ആദ്യം വന്ന ഭക്ഷണം കഴിച്ചു. രണ്ടാമതൊരു വിഭവം കൂടി വിളമ്പിയപ്പോഴാണ് ആദ്യം കഴിച്ചത് ബീഫാണെന്നും രണ്ടാമത് കൊണ്ടുവന്നതാണ് മട്ടനെന്നും മനസ്സിലായതെന്ന് സായക് പറയുന്നു. ഇതോടെ തർക്കമായി. തര്‍ക്കത്തിനൊടുവില്‍ റസ്റ്റോറന്‍റ് ജീവനക്കാരന്‍ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ചെന്നാണ് വീഡിയോയിൽ പറയുന്നത്.

"ഞാൻ ബ്രാഹ്മണനാണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ ആട്ടിറച്ചി ചോദിച്ചപ്പോൾ നിങ്ങൾ എനിക്ക് ബീഫ് വിളമ്പി" എന്നെല്ലാമാണ് സായക് വീഡിയോയിൽ പറയുന്നത്. റസ്റ്റോറന്‍റില്‍ നിന്നും ഇറങ്ങിയ ഉടൻ സായക് പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇന്ന് റസ്റ്റോറന്‍റില്‍ നിന്നും ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടൽ ജീവനക്കാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആശയ വിനിമയത്തിലെ പിഴവാണോ അബദ്ധത്തിൽ സംഭവിച്ചതാണോ അതോ കരുതികൂട്ടി ചെയ്തതാണോ എന്നെല്ലാം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. റെസ്റ്റോറന്‍റിലെ മറ്റു ജീവനക്കാരെയും ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

സായക് തന്നെയാണ് ആദ്യം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പിന്നീടത് നീക്കം ചെയ്തു. അപ്പോഴേക്കും വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ബിജെപി നേതാവ് തരുൺജ്യോതി തിവാരി ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി. റസ്റ്റോറന്‍റിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി