
ചെന്നൈ: ഇന്ത്യൻ രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാട് സർക്കാർ നടപടിയിൽ നിരാശയില്ലെന്ന് ചിഹ്നം തയ്യാറാക്കിയ തമിഴ്നാട് സ്വദേശി ഡി.ഉദയകുമാർ. രൂപ ചിഹ്നം തയ്യാറാക്കിയതിന് മുൻ മുഖ്യമന്ത്രി കരുണാനിധി തന്നെ പ്രത്യേകം അഭിനന്ദിച്ചതാണെന്നും കൂടിക്കാഴ്ചയിൽ കരുണാനിധി ഏറെ സന്തോഷവാനായിരുന്നുവെന്നും ഉദയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് ഉദയകുമാർ പ്രതികരിക്കുന്നത്.
ഭാഷാപോരിൽ കേന്ദ്രത്തിന് മറുപടി നൽകാൻ ദേവനാഗരിയിലുളള രൂപ ചിഹ്നം എം.കെ.സ്റ്റാലിൻ ഒഴിവാക്കിയത് മുതൽ ഡി ഉദയകുമാറിന് എന്താണ് പറയാനുള്ളതെന്ന് എല്ലാവരും അന്വേഷിക്കുന്നുണ്ട്. രൂപ ചിഹ്നം തയ്യാറാക്കിയ തമിഴ്നാട്ടിൽ നിന്ന് തന്നെ അത് ഒഴിവാക്കപ്പെടുമ്പോള്‍ അതിന്‍റെ ശിൽപ്പി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഗുവാഹത്തി ഐഐടിയിൽ അധ്യാപകനായ ഡി ഉദയകുമാര്‍ രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാട് സര്‍ക്കാര്‍ നടപടിയിൽ നിരാശയില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
2010ല്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം കണ്ടെത്താൻ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സരത്തിൽ ഉദയകുമാറാണ് വിജയിച്ചത്. ഉദയകുമാര്‍ തയ്യാറാക്കിയ രൂപ ചിഹ്നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിലെ കേന്ദ്രസർക്കാർ നിബന്ധനകൾക്ക് അനുസരിച്ചാണ് ദേവനാഗരി ഉപയോഗിച്ചതെന്ന് ഉദയകുമാര്‍ പറയുന്നു. ഡിഎംകെ മുൻ എംഎൽഎ എം. ധർമ്മലിംഗത്തിന്‍റെ മകനായ ഉദയകുമാർ രൂപ ചിഹ്നം തയ്യാറാക്കിയതിന് പിന്നാലെ എം.കരുണാനിധിയെ കണ്ടതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.
അച്ഛൻ ഡിഎംകെക്കാരനായിരുന്നെങ്കിലും തന്നെയും സഹോദരങ്ങളെയും രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിത്തിയിരുന്നു. പഠനത്തിൽ മാത്രം ശ്രദ്ധിക്കാനായിരുന്നു നിർദേശം. സ്റ്റാലിന്‍റെ ട്വീറ്റിന് പിന്നാലെ ചില രാഷ്ട്രീയ നേതാക്കൾക്ക് സംസാരിക്കാൻ താത്പര്യമുണ്ടെന്നും പറഞ്ഞ് പലരും വിളിച്ചെന്നും എന്നാൽ ആരുടെയും ഫോൺ കോൾ തനിക്ക് കിട്ടിയില്ലെന്നും ഉദയകുമാർ പറഞ്ഞു.
തമിഴ്നാട് സംസ്ഥാന ബജറ്റിന്‍റെ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള എംകെ സ്റ്റാലിന്‍റെ പോസ്റ്റാണ് ചര്‍ച്ചയായത്. ഇതിൽ ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നം ഒഴിവാക്കിയിരുന്നു. ഇതിനുപകരമായി തമിഴ് അക്ഷരമാലയിലെ രൂ ചേര്‍ത്താകും ബജറ്റ് രേഖ. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ മറവിൽ ബിജെപി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വാദം ശക്തമാകുന്നതിനിടെയാണ് സ്റ്റാലിന്‍റെ പുതിയ നീക്കം.
കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം; കെടി ജലീൽ എംഎൽഎയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്