
ഹോസൂര്‍: ആന്ധ്രാപ്രദേശിലെ ഹോസൂരിലുള്ള പാറ്റിക്കൊണ്ട ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു. 200 വര്‍ഷത്തെ പഴക്കം പറയുന്ന ക്ഷേത്രത്തില്‍ ആദ്യമായാണ് ദളിതര്‍ പ്രവേശിക്കുന്നത്. 300 ദളിത് കുടുംബങ്ങളാണ് ക്ഷേത്രപ്രവേശനം സാധ്യമാക്കിയത്. തുടര്‍ന്ന് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപത്ത് നിന്ന് ഹോസൂരിലേക്ക് ആഘോഷയാത്രയും നടത്തി.
നിലവിലെ ക്ഷേത്ര അധികാരികള്‍ പറയുന്നത് 1960ല്‍ മാത്രമാണ് പാറ്റിക്കൊണ്ട ക്ഷേത്രം സ്ഥാപിതമായതെന്നാണ്. എന്നാല്‍, ക്ഷേത്രത്തിന് 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. അന്ന് മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ദളിതര്‍ക്ക് വിലക്കുണ്ടായിരുന്നു. ഗ്രാമത്തിലെ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ദളിത് യുവാക്കള്‍ ശബ്‍ദം ഉയര്‍ത്തിയിരുന്നു.
സെപ്റ്റംബര്‍ മുതല്‍ ഈ ആവശ്യം അവര്‍ ഉയര്‍ത്തി. കൂടാതെ 'പീര്‍ള പടുംഗ' എന്ന ഘോഷയാത്രയിലും ദളിതരെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍, ഇത് അനുവദിക്കില്ലെന്ന നിലപാടാണ് 'ഉയര്‍ന്ന ജാതിക്കാര്‍' സ്വീകരിച്ചത്. തുടര്‍ന്ന് വിവിധ ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപ്പെട്ടു.
ഹോസൂരിലെ ദളിതര്‍ ക്ഷേത്രപ്രവേശന വിലക്ക് അടക്കം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇവര്‍ ഉന്നയിച്ചു. ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടുകയും ഇരുവിഭാഗങ്ങളെയും വിളിച്ച് നാല് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
ഇതിന് ശേഷമാണ് ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ 'ഉയര്‍ന്ന ജാതിക്കാര്‍' സമ്മതിച്ചത്. കുല വിവക്ഷ പോരാട്ട സമിതിയുടെയും മഡിഗ സംവരണ പോരാട്ട സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam