
ഛണ്ഡീഗഡ്: അച്ഛനെ കൊന്ന കേസിൽ മകളെ കോടതി വെറുതെ വിട്ടു. ഛണ്ഡീഗഡ് സ്വദേശി സുമൈ ലാലയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മകൾ ആശയെ വെറുതെ വിട്ടത്. വിചാരണക്കിടെ കൊലയ്ക്കായി ഉപയോഗിച്ചതെന്ന് അവകാശപ്പെട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ച കത്തിയുടെ ബ്ലേഡിൻ്റെ മുറിവിൻ്റെ നീളത്തേക്കാൾ കുറവാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചതാണ് കേസിൽ നിർണായകമായത്. ഇതോടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആശയ്ക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
ഛണ്ഡീഗഡിലെ വീട്ടിൽ വച്ച് 2023 ഓഗസ്റ്റ് 9നാണ് സുമൈ ലാലക്ക് കുത്തേറ്റത്. അയൽവാസിയായ ഗുലാബ് തണുത്ത വെള്ളം എടുക്കാനായി ലാലയുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് കുത്തേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ലാലയെയും മുറിവിൽ കൈവച്ച് രക്തത്തിൻ്റെ ഒഴുക്ക് തടയാൻ ശ്രമിക്കുന്ന ആശയെയും കണ്ടു. ഇവരും നാട്ടുകാരും ചേർന്ന് ലാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടേറ്റ മുറിവാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി.
ലാല പതിവായി മദ്യപിച്ച് വീട്ടിലെത്തി മകളെ ഉപദ്രവിക്കാറുണ്ടെന്ന് ഗുലാബ് പൊലീസിന് മൊഴി നൽകി. താനാണ് അച്ഛനെ കൊന്നതെന്ന് ആശ പറഞ്ഞതായും പൊലീസിനോട് ഗുലാബ് പറഞ്ഞു. ഇതോടെയാണ് ആശയിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റ് ചെയ്തതും. ചോദ്യം ചെയ്യലിനൊടുവിൽ ആശയുടെ മൊഴി പ്രകാരം കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി.
എന്നാൽ ആശ അച്ഛനെ കൊലപ്പെടുത്തുന്നത് ഗുലാബ് നേരിൽ കണ്ടില്ലെന്ന് പറഞ്ഞ പ്രതിഭാഗം അഭിഭാഷകൻ , ആശ കുറ്റസമ്മതം നടത്തിയെന്ന വാദം കളവാണെന്നും പറഞ്ഞു. ലാലയുടെ നെഞ്ചിൽ കുത്തേറ്റുണ്ടായ മുറിവിന് 10.6 സെൻ്റിമീറ്ററായിരുന്നു നീളം. എന്നാൽ കോടതിയിൽ പൊലീസ് തെളിവായി സമർപ്പിച്ച കത്തിയുടെ ബ്ലേഡിന് 9.8 സെൻ്റിമീറ്ററാണ് നീളമെന്നും ഈ വ്യത്യാസം തന്നെ കേസ് കെട്ടിച്ചമച്ചതിനുള്ള തെളിവാണെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെയാണ് കേസിൽ കുറ്റവാളിയല്ലെന്ന് കണ്ട് ആശയെ വെറുതെ വിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam