
മുംബൈ: അമ്മ മരിച്ചാല്‍ ആണ്‍ മക്കള്‍ സംസ്കാരച്ചടങ്ങുകള്‍ ചെയ്യുന്നതാണ് കീഴ്‍വഴക്കം. എന്നാല്‍ മഹാരാഷ്ട്രയിലെ കാശിനാഥ് നഗറില്‍ ഭര്‍തൃമാതാവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് മക്കളുടെ ഭാര്യമാരാണ്. തിങ്കളാഴ്ചയാണ് 83 വയസ്സുള്ള സുന്ദര്‍ബായ് ദഗ്ഡു നൈക്വാഡെ മരിച്ചത്. നാലുമക്കളും മരുമക്കളും കൊച്ചുമക്കളുമുണ്ട് അവര്‍ക്ക്. തന്‍റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നതായിരുന്നു അവരുടെ അവസാന ആഗ്രഹം. അത് മക്കള്‍ സാധിച്ചുനല്‍കി. പിതാവ് ദഗ്ഡു മരിച്ചപ്പോഴും കണ്ണുകള്‍ ദാനം ചെയ്തിരുന്നുവെന്ന് മൂത്തമകന്‍ നവ്നാദ് ഡി നൈക്വാഡെ പറഞ്ഞു.
മക്കളും കൊച്ചുമക്കളും സംസ്കാരച്ചടങ്ങുകള്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് തങ്ങളുടെ ഭര്‍തൃമാതാവിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മരുമക്കള്‍ തീരുമാനിച്ചത്. അമ്മയോളം സ്നേഹം അവര്‍ക്ക് സുന്ദര്‍ഭായിയോടും ഉണ്ടായിരുന്നു. ഒടുവില്‍ ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ശ്മശാനത്തിലേക്കുള്ള യാത്രയില്‍ മൃതദേഹം ചുമന്നത് ആ മരുമക്കളായിരുന്നു. ലത, ഉഷ, മനീഷ, മീന എന്നിവരാണ് ആ മരുമക്കള്‍.
ആചാരം തെറ്റിച്ചുള്ള ഇവരുടെ നടപടിയില്‍ പ്രതിഷേധങ്ങളും മുറുമുറുപ്പുകളുമുണ്ടായെങ്കിലും ഈ സ്ത്രീകള്‍ അതൊന്നും കാര്യമാക്കിയില്ല. എല്ലാപ്രതിബന്ധങ്ങളും തരണംചെയ്ത് അവര്‍ സുന്ദര്‍ഭായിയുടെ മൃതദേഹം കാല്‍കിലോമീറ്ററോളം ചുമന്നു. അവിടുന്ന് കാല്‍കിലോമീറ്റര്‍ മക്കളും ചുമന്നു. നാല് കിലോമീറ്റര്‍ ദൂരെയുള്ള ശ്മശാനത്തിലേക്ക് വാനിലാണ് പിന്നീട് മൃതദേഹം കൊണ്ടുപോയത്.
1900കളില്‍ വിവാഹം കഴിക്കുമ്പോള്‍ മുത്തച്ചന്‍ വിഭാര്യനും മുത്തശ്ശി വിധവയുമായിരുന്നു. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. ഇതുമാത്രമല്ല, അമ്മയുടെ മരണത്തില്‍ 13 ദിവസത്തെ ആചാരങ്ങള്‍ ഒഴിവാക്കി അഞ്ച് ദിവസത്തെ ചടങ്ങുകള്‍ മാത്രമായി ചുരുക്കിയെന്നും മകന്‍ പറഞ്ഞു. യാദൃശ്ചികമായി, മരണാനന്തര ചടങ്ങുകളെക്കുറിച്ച് താന്‍ അമ്മയോട് മരിക്കുന്നതിന് തലേന്ന് സംസാരിച്ചിരുന്നു. വേണ്ടതുപോലെ ചെയ്തോളാന്‍ അമ്മ സമ്മതം നല്‍കുകയും ചെയ്തിരുന്നുവെന്നും അയാള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam