ദേവീന്ദര്‍ സിംഗ് കേസ്: എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം

By Web TeamFirst Published Jan 16, 2020, 9:56 PM IST
Highlights

ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്.

ദില്ലി: ഭീകരവാദികളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്‍റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കും. ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്ക് നിര്‍ദേശം നല്‍കി. ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ എന്‍ഐഎ അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നില്ല. 

ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ്  ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇതിനായി ദേവീന്ദർ സിംഗ് ഭീകരവാദികളിൽ നിന്നും പണം കൈപറ്റിയതായും റിപ്പോർട്ടുകളുണ്ട്.

ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ല​ക്ഷം രൂപയാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് വാങ്ങിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ നിന്നും എകെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെടുക്കുകയും ചെയ്തു. ഭീകരരെ കീഴടക്കി ദില്ലിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ദേവീന്ദര്‍ സിംഗിന്‍റെ  വിശദീകരണം പോലീസ്  തളളിയിരുന്നു. പാർലമെന്‍റ് ആക്രമണ കേസിലെ ഒരു പ്രതിയെ ദില്ലിയിലെത്തിക്കാനും താമസ സൗകര്യമൊരുക്കാനും ദേവീന്ദർ സിംഗ് ഇടപെട്ടതായുള്ള റിപ്പോർട്ടുകളും നേരത്തേ പുറത്ത് വന്നിരുന്നു. ദേവീന്ദര്‍ സിംഗിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

click me!