
ദില്ലി: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രമുഖനും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുമായ സലിം ദോലയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. പ്രത്യേക വിമാനത്തിൽ ഇന്നലെ ദില്ലി വിമാനത്താവളത്തിലെത്തിച്ച ഇയാളെ ദില്ലി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് തുർക്കി ഇന്റലിജൻസും പ്രാദേശിക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. വ്യാജ യു.എ.ഇ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് ഇയാൾ തുർക്കിയിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. സലിം ദോല പിടിയിലായത് ഡി-കമ്പനിക്കും കനത്ത തിരിച്ചടിയെന്നാണ് വിലയിരുത്തൽ.
ഏതാണ്ട് 5,000 കോടി രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിച്ചിരുന്ന സിൻഡിക്കേറ്റിന്റെ തലവനായിരുന്നു സലിം ദോലയെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. സിന്തറ്റിക് മയക്കുമരുന്നായ മെഫെഡ്രോൺ നിർമ്മാണത്തിലും വിതരണത്തിലും പിന്നിലെ മുഖ്യ പങ്കാളിയാണ് ഇയാൾ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018-ൽ മുംബൈയിൽ നടന്ന 1,000 കോടി രൂപയുടെ ഫെന്റനൈൽ മയക്കുമരുന്ന് വേട്ടയിലും ഇയാൾ പ്രതിയാണ്.
സലിം ദോലയുടെ മകൻ താഹിർ, മരുമകൻ മുസ്തഫ എന്നിവരെ കഴിഞ്ഞ വർഷം യു.എ.ഇയിൽ നിന്ന് പിടികൂടി ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. മകനും മരുമകനും അറസ്റ്റിലായ ശേഷം സലിം ദോലയുടെ മയക്കുമരുന്ന് ശൃംഖല ദുർബലമായെന്നാണ് റിപ്പോർട്ട്. ദില്ലി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ സലിം ദോലയെ ചോദ്യം ചെയ്തു വരികയാണ്. ഇതിനുശേഷം മുംബൈ പോലീസിനോ ഗുജറാത്ത് പോലീസിനോ കൈമാറുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam