കർണാടകത്തിൽ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാർട്ടി ആണ് പ്രധാനമെന്ന് അദ്ദേഹം. മന്ത്രിസഭാ വികസനത്തിന് പിന്നാലെ എംഎൽഎമാർ രാജി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ശിവകുമാറിൻ്റെ പ്രതികരണം.

ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിന് പിന്നാലെ അതൃപ്തിയറിയിച്ച് രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാർട്ടി ആണ് പ്രധാനമെന്നും രാജിക്കത്ത് മിനിറ്റുകൾക്കകം അം​ഗീകരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തനിക്കും മന്ത്രിസ്ഥാനങ്ങൾ നിഷേധിച്ചിരുന്ന കാര്യവും ഡി കെ ശിവകുമാർ ചൂണ്ടിക്കാട്ടി. തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ ക്ഷമയോടെ ഇരിക്കാൻ തയ്യാറായെന്ന് ശിവകുമാർ പറഞ്ഞു.

"എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. രാഷ്ട്രീയത്തിൽ രാജികൾ ഉണ്ടാകും. രാജിവെക്കാൻ തയ്യാറായവരെ ആർക്കും തടയാനാവില്ല. അവർക്ക് പാർട്ടിയും സ്വന്തം ഭാവിയും വേണമെങ്കിൽ, പാർട്ടിയാണ് പ്രധാനം. പാർട്ടിയുണ്ടെങ്കിൽ എല്ലാം ഉണ്ടാകും"- ഡി കെ ശിവകുമാർ പറഞ്ഞു.

ധരം സിങ്ങും സിദ്ധരാമയ്യയും മുഖ്യമന്ത്രിയായിരുന്നപ്പോൾ തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും അപ്പോൾ രാജിവെക്കാമായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. എന്തുകൊണ്ടാണ് താനും പരമേശ്വരയും ക്ഷമയോടെ ഇരുന്നത്? വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബംഗാരപ്പയെയും ഖാർഗെയെയും ധരം സിങ്ങിനെയും മന്ത്രിമാരാക്കിയില്ല. പിന്നീട് ബംഗാരപ്പയും ധരം സിങ്ങും മുഖ്യമന്ത്രിമാരായില്ലേ? ഒരാൾക്ക് ക്ഷമ ആവശ്യമാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ആരെങ്കിലും രാജിക്കത്ത് നൽകിയാൽ മിനിറ്റുകൾക്കകം അത് അംഗീകരിക്കാൻ പോകുകയാണെന്നും ശിവകുമാർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച 19 മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി ഡി കെ ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ആണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തനായ മുതിർന്ന നേതാവ് യശ്വന്തരായ ​ഗൗഡ വി പാട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിസന്നദ്ധത അറിയിച്ച് ബേലൂ‍ർ ​ഗോപാലകൃഷ്ണ എംഎൽഎയും രം​ഗത്തെത്തി. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് മുതി‍ർന്ന എംഎൽഎ ദിനേശ് ​ഗുണ്ടു റാവുവും രം​​ഗത്തെത്തിയത് പാർട്ടിയെ സമ്മർദത്തിലാക്കി. മന്ത്രിസഭയിൽ ഉൾപ്പെടുത്താതിൽ അതിയായ നിരാശയുണ്ടെന്നായിരുന്നു ദിനേശ് ​ഗുണ്ടു റാവുവിൻ്റെ പ്രതികരണം. മുൻ പിസിസി പ്രസിഡൻ്റായിരുന്ന ദിനേശ് ​ഗുണ്ടു റാവു, സിദ്ധരാമയ്യ മന്ത്രിസഭയിൽ ആരോ​ഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നു.