ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വി​ദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ ​ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രം​ഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മുംബൈ: വിദ്യാഭ്യാസവിചക്ഷണനും 'ഡിവൈ പാട്ടീൽ'​ ​ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ ​ഗവർണറുമായ ഡി.വൈ. പാട്ടീൽ(ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വി​ദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ ​ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രം​ഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നേരത്തേ മഹാരാഷ്ട്രയിലെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. 2018-ൽ അദ്ദേഹം കോൺ​ഗ്രസ് വിട്ട് എൻസിപിയിലെത്തി.

1935 ഒക്ടോബർ 22-ന് കോലാപൂരിലെ കർഷക കുടുംബത്തിലാണ് ഡി.വൈ. പാട്ടീലിന്റെ ജനനം. കോലപൂർ രാജാറാം കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയശേഷം ശിവാജി സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. മഹാരാഷ്ട്രയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന കാലത്താണ് ഡി.വൈ. പാട്ടീൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നത്. ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന് കീഴിൽ വിവിധയിടങ്ങളിലായി സ്കൂളുകൾ, ജൂനിയർ കോളേജുകൾ, ആർട്സ്-സയൻസ് കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ, മെഡിക്കൽ, ദന്തൽ, നഴ്സിങ് കോളേജുകൾ, ബിസിനസ് സ്കൂളുകൾ തുടങ്ങിയവ ആരംഭിച്ചു. കോലാപൂർ, നവിമുംബൈ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി കാമ്പസുകളാണ് ഡിവൈ പാട്ടീൽ ​ഗ്രൂപ്പ് സ്ഥാപിച്ചത്. ഇവയിൽ പല സ്ഥാപനങ്ങളും പിന്നീട് സർവകലാശാലകളായി. ഡിവൈ പാട്ടീൽ ​ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായി.

1957ൽ കോലാപൂർ മുനിസിപ്പൽ കൗൺസിലറായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. കോൺ​ഗ്രസിന്റെ മുനിസിപ്പൽ കൗൺസിലറായിരുന്ന ഡി.വൈ. പാട്ടീൽ 1967ലും 1972ലും മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാൻഹാല മണ്ഡലത്തിൽനിന്നാണ് അദ്ദേഹം കോൺ​ഗ്രസിന്റെ എംഎൽഎയായത്. 2009 നവംബറിൽ ത്രിപുര ​ഗവർണറായി ഡി.വൈ. പാട്ടീലിനെ നിയമിച്ചു. 2012-ൽ ബിഹാർ ​ഗവർണറായ അദ്ദേഹം 2014-ൽ പശ്ചിമബം​ഗാളിന്റെ അധികച്ചുമതലയും വഹിച്ചിരുന്നു.

ഡി.വൈ. പാട്ടീലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും സമൂഹത്തെ സേവിക്കാൻ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡി.വൈ. പാട്ടീൽ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.