
അബുദാബി: 'കശ്മീർ പ്രശ്ന'ത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനം (ഒഐസി - Organisation of Islamic Cooperation). ഒഐസിയിലെ 57 രാജ്യങ്ങളും ചേർന്ന് പാസ്സാക്കിയ പ്രമേയത്തിലാണ് കശ്മീരിൽ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന വിമർശനമുള്ളത്. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തിൽ പങ്കെടുത്തതിന്‍റെ പിറ്റേന്നാണ് ഈ പ്രമേയം പാസ്സാക്കപ്പെടുന്നത്.
നേരത്തേ, സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി സമ്മേളനത്തിൽ പങ്കെടുക്കാതെ പിൻമാറിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച സുഷമാ സ്വരാജ് ഭീകരതയ്ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും, അതിന് ഒരു മതവുമായും ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ ശനിയാഴ്ച പാസ്സാക്കിയ പ്രമേയത്തിൽ 'നിരപരാധികളായ കശ്മീരികൾക്ക് മേൽ ഇന്ത്യ ഭരണകൂട ഭീകരത പ്രയോഗിക്കുന്നു', 'മേഖലയിൽ നടക്കുന്നത് ഇന്ത്യൻ തീവ്രവാദം', 'ജമ്മു കശ്മീരിൽ കാണാതാകുന്ന യുവാക്കളെക്കുറിച്ച് പിന്നീടാർക്കും അറിവില്ല' - തുടങ്ങിയ പരാമർശങ്ങളുണ്ട്.
ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. യുഎഇയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമ.
ഇന്ത്യയുടെ ശക്തമായ മറുപടി
എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. സുഷമാ സ്വരാജിനെ പ്രത്യേക അതിഥിയായി സ്വാഗതം ചെയ്തതിൽ നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കി. ഇവിടത്തെ പ്രശ്നങ്ങൾ ആഭ്യന്തരകാര്യമാണെന്നും ഇതിൽ വേറെ ആരും ഇടപെടേണ്ടതില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam