
അഹമ്മദാബാദ്: മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 37 ആയി. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷമദ്യം ഒഴുകുന്നുണ്ടെന്ന് രേഖാമൂലം പരാതി നൽകിയിട്ടും അതെല്ലാം പൊലീസ് അവഗണിച്ചതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 14 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മിക്കവരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്ക്വാഡും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ, മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എഎസ്ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നു.
സമ്പൂർണ മദ്യ നിരോധനമുള്ള സംസ്ഥാനത്താണ് ഇത്രയും വലിയ വിഷമദ്യ ദുരന്തമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം 10 പേരെ അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഇങ്ങനെ
അഹമ്മദാബാദിലെ ഒരു ഫാക്ടറിയിൽ നിന്ന് അവിടുത്തെ ഗോഡൗൺ ചുമതലക്കാരനായ ജയേഷ് ഖെവാഡിയ എന്നയാളാണ് മെഥനോൾ വിതരണക്കാർക്ക് എത്തിച്ച് നൽകിയത്. 7,000 രൂപ പ്രതിഫലവും കൈപ്പറ്റി. ഇത് മദ്യമെന്ന പേരിൽ പാവപ്പെട്ട തൊഴിലാളികൾക്ക് വൻ തുക വാങ്ങി വിതരണം ചെയ്യുകയായിരുന്നു. വീര്യം കുറച്ച് മുൻപും ഇതേ സംഘം മെഥനോൾ മദ്യമെന്ന പേരിൽ വിറ്റിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അപ്രതീക്ഷിത ദുരന്തമല്ല, ക്ഷണിച്ച് വരുത്തിയതാണ് എന്നതിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. ദുരന്തം നടന്ന ബൊട്ടാദ് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്‍റ് നാല് മാസം മുൻപ് വ്യാജമദ്യത്തെ കുറിച്ച് പൊലീസിന് കത്ത് നൽകിയിരുന്നു. വ്യാജമദ്യം ഒഴുകുന്നെന്ന ഈ കത്ത് പൊലീസ് അവഗണിച്ചു. ഇതിനിടെസ മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എഎസ്ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്.
ഇതിനിടെ പൊതുവേദിയിൽ മദ്യപിച്ചെത്തിയ ഛോട്ടാ ഉദേപൂർ ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീഡിയോ വീണ്ടും സജീവമായിട്ടുണ്ട്. വിവാദമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ലഹരി മാഫിയയും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. മദ്യനിരോധനം പേപ്പറിൽ മാത്രമെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാളും വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam