
പാട്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. ഇന്ന് മാത്രം 19 കുട്ടികളാണ് മരിച്ചത്. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹർജി നൽകി.
മസ്തിഷ്കജ്വരം ബാധിച്ച് മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുകയാണ്. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്. ലിച്ചിപ്പഴങ്ങളില്‍ അടങ്ങിയ മെതിലിന്‍ സൈക്ലോപ്രൊപൈല്‍ ഗ്ലൈസിന്‍ എന്ന പദാര്‍ത്ഥം മതിയായ പോഷകാഹാരം കിട്ടാത്ത കുട്ടികളുടെ ശരീരത്തിലേക്ക് കടക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായും നേരത്തെ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
മസ്തിഷ്കജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളില്‍ നിന്നാണെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഒഡീഷ സര്‍ക്കാര്‍ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചു. മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരും ലിച്ചിപ്പഴങ്ങള്‍ കഴിച്ചതായി ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ലിച്ചിപ്പഴങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ നല്‍കിയ പൊതുതാല്പര്യഹർജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്.
കുട്ടികൾ മരിച്ച പ്രദേശങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ഇന്ന് സന്ദർശിക്കും. ഇന്നലെ ശ്രീകൃഷ്ണ ആശുപത്രി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam