
ദില്ലി: ഇന്ത്യയും ചൈനയും തമ്മിൽ സൈനിക-നയതന്ത്ര മാർഗങ്ങളിലൂടെ അടുത്ത ബന്ധം നിലനിർത്താനും നിയന്ത്രണ രേഖയിൽ (എൽഎസി) ശേഷിക്കുന്ന പ്രശ്‌നങ്ങളുടെ പരസ്പര സ്വീകാര്യമായ പരിഹാരം എത്രയും വേഗം കണ്ടെത്താമെന്നും ധാരണ. ഇന്നലെ ചേർന്ന ഇന്ത്യാ-ചൈന സൈനിക കമാൻഡർമാരുടെ 14-ാം കൂടിക്കാഴ്ചയിലാണ് അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായത്.
അതിർത്തിയിലെ തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി. ഇന്നലെ നടന്ന പതിനാലാമത് കമാൻഡർ തല ചർച്ചയിൽ അഴത്തിലുള്ള ചർച്ചകൾ നടന്നെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മുൻചർച്ചകൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുള്ള നടപടികൾ തുടരുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കരസേന മേധാവി ജനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ചൈന കമാൻഡർ തല ചർച്ച ലഡാക്ക് അതിർത്തിയിലാണ് നടന്നത്. പതിനാലാമത് കമാൻഡർ തല ചർച്ചയിൽ ലഫ്റ്റനൻറ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ഇന്ത്യയെ നയിച്ചത്. ഇദ്ദേഹം കമാൻഡർ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഗൽവാൻ താഴ്വരയിൽ നിന്നും പാങ്കോംഗ് തടാകതീരത്ത് നിന്നും പിൻമാറാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി ചർച്ചകൾ വഴിമുട്ടി നിൽക്കുകയായിരുന്നു. ഹോട്ട് സ്പ്രിംഗ്, ദെപ്സാങ് എന്നിവിടങ്ങളിലെ പിൻമാറ്റമടക്കം യോഗത്തിൽ ചർച്ചയായി.
അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണം; ഇന്ത്യാ-ചൈന സൈനിക കമാൻഡർമാരുടെ 14-ാം കൂടിക്കാഴ്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam