
ദില്ലി : ദില്ലിയിൽ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളിൽ എത്തി. പലയിടത്തും എ ക്യൂ ഐ 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി എ ക്യൂ ഐ 403 ആയി ഉയർന്നപ്പോൾ, ആനന്ദ് വിഹാറിൽ ഇത് 459 വരെ എത്തി. ഐടിഒ (400), ചാന്ദ്‌നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണ്.
അതിശക്തമായ മൂടൽമഞ്ഞ് മൂലം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ റദ്ദാക്കി. 120ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വൈകി.
ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടുത്ത തണുപ്പും മലിനീകരണവും പരിഗണിച്ച് നോയിഡയിലെ സ്കൂളുകൾക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. വായുനിലവാരം 400 കടന്നത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam