
അമൃത്സർ: പാരീസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ തന്നോട് കേന്ദ്ര സർക്കാർ രാഷ്ട്രീയ പ്രതികാരം വീട്ടുകയാണെന്ന കടുത്ത ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നോട് പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും, സംഭവത്തിന് പിന്നിൽ കേന്ദ്രത്തിന്‍റെ രാഷ്ട്രീയ മാനങ്ങളുണ്ടെന്നും മൻ ആരോപിച്ചു.
ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് വിഭാഗം തലവൻ മനീഷ് കുമാർ, രാജ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ സ്വന്തം സഹോദരനാണെന്ന് ഭഗവന്ത് മൻ പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേന്ദ്രം തന്നോട് പകപോക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാരീസിൽ വെച്ച് നടന്ന രാജ്യാന്തര ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രിയെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ലഗേജുകൾ പരിശോധിച്ചുവെന്നും, 50,000 രൂപയുടെ ചലാൻ നൽകിയെന്നും ആം ആദ്മി പാർട്ടി നേരത്തെ ആരോപിച്ചിരുന്നു.
എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും കേന്ദ്ര ഭരണകൂടം തകർക്കുകയാണെന്ന് ഭഗവന്ത് മൻ കുറ്റപ്പെടുത്തി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ സ്വേച്ഛാധിപത്യപരമായ അധികാരം പ്രയോഗിക്കുന്ന 'ഡെമോക്രാറ്റിക്കലി ഇലക്ടഡ് ഡിക്റ്റേറ്റർ' എന്ന പുതിയ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വോട്ടർ പട്ടികയിൽ നിന്നും ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കുന്നതിനെയും, തെരഞ്ഞെടുപ്പ് കാലത്ത് ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേസ് എടുക്കുന്നതിനെയും പഞ്ചാബ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam