
ദില്ലി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ നിർദ്ദേശങ്ങൾ മറന്നെന്നും പണത്തിന് പിന്നാലെ പോയെന്നും അണ്ണാ ഹസാരെ വിമർശിച്ചു. കെജ്രിവാളിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു അണ്ണാ ഹസാരെയുടെ വിമർശനം.
തുടക്കത്തിൽ ഒരു സന്നദ്ധപ്രവർത്തകനായി കെജ്രിവാൾ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ജീവിതത്തിൽ എപ്പോഴും പെരുമാറ്റവും കാഴ്ചപ്പാടുകളും നല്ല രീതിയിൽ സൂക്ഷിക്കണമെന്ന് താൻ കെജ്രിവാളിനോട് പറയുമായിരുന്നു. ജീവിതം കളങ്കരഹിതമായി സൂക്ഷിക്കുക, ത്യാഗങ്ങൾ ചെയ്യാൻ പഠിക്കുക, എപ്പോഴും സത്യത്തിൻ്റെ പാതയിൽ നടക്കുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ കെജ്രിവാളിന്റെ മനസിൽ പണമായിരുന്നുവെന്നും അണ്ണാ ഹസാരെ ആരോപിച്ചു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കിരൺ ബേദിയും മറ്റുള്ളവരും കെജ്രിവാളിനോടൊപ്പമുണ്ടായിരുന്നുവെന്നും അവർ അണ്ണാ കി പാഠശാല (സ്‌കൂൾ) സംരംഭങ്ങൾ ആരംഭിച്ചെന്നും അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടി. എന്നാൽ കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേജ്രിവാളിന് ഇപ്പോൾ എന്ത് നിർദ്ദേശം നൽകും എന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളിൽ താൻ അദ്ദേഹത്തിന് നൽകിയ പാഠങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അണ്ണാ ഹസാരെയുടെ മറുപടി.