ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്

Published : Jan 07, 2025, 02:44 PM ISTUpdated : Jan 21, 2025, 06:24 PM IST
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്

Synopsis

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന  പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന്  പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണല്‍ നടന്നു. 16ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാര്‍  അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി. 

അഴിമതി കേസിന്‍റെ നിഴലില്‍ നില്‍ക്കുമ്പോള്‍  ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു. 

അഴിമതി ആരോപണത്തെ മറികടക്കാന്‍ പതിവ് പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്‍ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാന്‍ യോജന, 60 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.  പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബിജെപിക്കും ശക്തിയായി. കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിന്‍റെ ചൂടിലേക്ക് ഈ മഞ്ഞു കാലത്തിൽ ദില്ലി നീങ്ങുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് വീരമൃത്യു 9 പേർക്ക് പരിക്ക്
'ദമ്പതികൾക്കും കമിതാക്കൾക്കുമെല്ലാം ഒരുമിച്ച് സൗജന്യമായി യാത്ര ചെയ്യാം': എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർമിപ്പിച്ച് മുൻ മന്ത്രി