
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽഫല സർവകലാശാല. ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച് സർവകലാശാല പ്രസ്താവന പുറത്തിറക്കി. സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാർ സർവകലാശാലയിലെ ജീവനക്കാർ മാത്രമായിരുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. സ്ഫോടനവുമായി സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന വാർത്തകളെ സർവ്വകലാശാല നിഷേധിക്കുകയും സ്ഫോടനത്തിൽ ഉപയോഗിച്ച തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏജൻസികളുമായി പൂർണമായും സഹകരിക്കുമെന്നും സർവ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഡോക്ടർ ഉമറും കൂട്ടാളികളും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽഫലാ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തത്. ആശുപത്രിയിലെ മറ്റ് ആർക്കെങ്കിലും ഇവരുടെ ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അതിനിടെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് സർവകലാശാല ക്യാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ഒളിത്താവളത്തിൽ നിന്നും 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്. കൂടാതെ ഇവിടെ നിന്നാണ് ഡോ. മുസമ്മിലിനെ പൊലീസ് പിടികൂടിയത്. ഇയാൾ ഇവിടെ ഒരാഴ്ചയോളമായി ഒളിച്ച് താമസിക്കുകയായിരുന്നു.
കൂടാതെ ഐ20 കാര്‍ വാങ്ങിയ ശേഷം ഉമർ പിന്നീട് എത്തിയത് സർവ്വകലാശാല ക്യാമ്പസിലാണെന്ന് വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമ്മർ കാർ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതോടെ ക്യാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് വിവരങ്ങൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചു.