Latest Videos

'ചിയേര്‍സ്' പറഞ്ഞ് ദില്ലി സര്‍ക്കാര്‍; മദ്യ വിലക്കുറവില്‍ അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ വരുന്നു

By Web TeamFirst Published Oct 26, 2019, 4:03 PM IST
Highlights

മദ്യപിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്ക്കൊക്കെ
വലിയ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാകും സാധ്യമായേക്കും

ദില്ലി: മദ്യ വിലക്കുറവിന്‍റെ കാര്യത്തില്‍ രാജ്യ തലസ്ഥാനം ഇപ്പോള്‍ തന്നെ കേരളത്തിലെ മദ്യ സ്നേഹികളുടെ പ്രിയപ്പെട്ട ഇടമാണ്. ദില്ലിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ മദ്യ വിലക്കുറവിന്‍റെ കാര്യത്തില്‍ വീണ്ടും അമ്പരക്കേണ്ടിവരുമെന്നാണ്. മദ്യത്തിന് വന്‍ വിലക്കുറവുണ്ടാക്കുന്ന തീരുമാനങ്ങള്‍ കൈകൊള്ളാനായി എക്സൈസ് പോളിസി പൊളിച്ചടുക്കാന്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം നടപ്പായാല്‍ രാജ്യത്തുതന്നെ ഏറ്റവും വിലക്കുറവില്‍ മദ്യം ലഭിക്കുക ദില്ലിയിലാകും.

മദ്യപിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്ക്കൊക്കെ വന്‍ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാകും സാധ്യമാകുകയെന്നാണ് വ്യക്തമാകുന്നത്. അയല്‍സംസ്ഥാനങ്ങളിലെ മദ്യ വില്‍പ്പനയുമായി വലിയ വ്യത്യാസമുണ്ടായാല്‍ അത് തലസ്ഥാനത്തെ വില്‍പ്പനയ്ക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നീക്കം.

വിദേശ ബ്രാന്‍ഡുകളിലാകും വലിയ വില വ്യത്യാസം പ്രകടമാകുക. എക്സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയില്‍ മാറ്റം വരുന്ന പരിഷ്കാരങ്ങളാണ് ലക്ഷ്യമിടുന്നതെന്നതെന്നാണ് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിദേശ മദ്യത്തിന് വിലകൂടുതലാകുന്നതിന്‍റെ പ്രധാനകാരണം ഇത്തരം നികുതികളാണ്. ഇതില്‍ വ്യത്യാസം വരുന്നതോടെ മദ്യവിലയില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ ദില്ലി അമ്പരപ്പിക്കും.

നികുതി പരിഷ്കാരം സാധ്യമായാല്‍ അബ്സല്യൂട്ട് വോഡ്ക ഫുള്‍, ദില്ലിയില്‍ 1400 രൂപയ്ക്ക് കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ 1800 രൂപയാണ് വില. ഷിവാസ് റീഗലിന്‍റെ വില 3850 ല്‍ നിന്ന് 2800 യിലേക്ക് വരെ എത്താമെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.

അതിനിടെ ഏതൊക്കെ മദ്യം സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കുന്ന വിലവിവര പട്ടിക എല്‍ ഇ ഡി സ്ക്രിനില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം ദില്ലിയിലെ മദ്യ ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കികഴിഞ്ഞു. മദ്യഷോപ്പുകളിലെ 'ഒളിപ്പിക്കല്‍' തടയാനാണ് ഈ നിര്‍ദ്ദേശം. ഫുളിന് 360 മുതല്‍ 440 രൂപ വരെയുള്ള ബ്രാന്‍ഡുകള്‍ പലപ്പോഴും ലഭിക്കാറില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. സ്റ്റോക്കുണ്ടായിട്ടും പ്രദര്‍ശിപ്പിക്കാത്തതാണെന്ന പരാതികളെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം പ്രാബല്യത്തിലാകുന്നത്.

click me!