
ദില്ലി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ ഇഡി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്ന് കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇഡി മുഖ്യമന്ത്രി കെജ്രിവാളിന് നോട്ടീസ് നൽകിയത്.
മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി സുപ്രീംകോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തിൽ അന്വേഷണ ഏജൻസികൾക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. വിചാരണവേളയിൽ ഈ കേസ് തള്ളി പോകുമെന്നതടക്കം നീരീക്ഷണങ്ങൾ ഉണ്ടായി. എന്നാൽ 388 കോടി രൂപയുടെ കൈമാറ്റം തെളിയിക്കാനായെന്നും അതിനാൽ ജാമ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടിയും മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam