വമ്പന്‍ തോല്‍വി; ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

By Web TeamFirst Published Feb 11, 2020, 9:33 PM IST
Highlights

ഷീല ദീക്ഷിതിന് ശേഷം ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത സുഭാഷ് ചോപ്രക്ക് പാര്‍ട്ടിയെ ഒന്നനക്കാന്‍ പോലും കഴിഞ്ഞില്ല.

ദില്ലി:ദില്ലിയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സുഭാഷ് ചോപ്രയുടെ രാജി. ഇത്തവണ തിരിച്ചുവരുവിനൊരുങ്ങിയെങ്കിലും ജനവിധി കോണ്‍ഗ്രസിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിരിക്കുകയാണ്.

ഷീല ദീക്ഷിതിന് ശേഷം ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത സുഭാഷ് ചോപ്രക്ക് പാര്‍ട്ടിയെ ഒന്നനക്കാന്‍ പോലും കഴിഞ്ഞില്ല. പാര്‍ട്ടിയിലെ തമ്മിലടി അവസാനിപ്പാക്കാനുമായില്ല. ദേശീയ നേതൃത്വവും കാഴ്ചക്കാരായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍  ആംആദ്മിയെ തള്ളി രണ്ടാമതെത്താനും കഴിഞ്ഞു. എന്നാല്‍  ഇക്കുറി  പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച പോലും  തടയാനായില്ല.

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; 63 മണ്ഡലങ്ങളില്‍ കെട്ടിവെച്ച പണം നഷ്ടമായി, ദില്ലി അധ്യക്ഷന്‍ രാജിവെച്ചു

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ കൈകഴുകിയതോടെ തന്നെ ചിത്രം ഏറെക്കുറെ വ്യക്തമായിരുന്നു. പക്ഷേ അപ്പോഴും നേരിയ പ്രതീക്ഷ ചില നേതാക്കളെങ്കിലും വെച്ചു പുലര്‍ത്തി. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ ബല്ലിമാരന്‍, ജംഗ്പുര എന്നീ മണ്ഡലങ്ങളില്‍ നേരിയ ചലനം ഉണ്ടായെങ്കിലും അന്തിമ ഫലം എത്തിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കനുസരിച്ച് 4.36  ശതമാനം വോട്ട് മാത്രം നേടാനേ കോണ്‍ഗ്രസിനായുള്ളൂ. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ആംആദ്മിയിലേക്ക് ഒഴുകിയെന്ന് തന്നെ കരുതാം. 

click me!