Latest Videos

ദില്ലി കോൺ​ഗ്രസിന് അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ഊർജ്ജിതം; നവ്ജ്യോത് സിംഗ് സിദ്ധുവും ശത്രുഘ്നൻ സിൻഹയും പരി​ഗണനയിൽ

By Web TeamFirst Published Aug 29, 2019, 9:15 AM IST
Highlights

ഷീലാ ദീക്ഷിതിന്‍റെ അന്ത്യത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം.

ദില്ലി: ദില്ലി കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ഊര്‍ജ്ജിതം. പ‌ഞ്ചാബ് മുൻമന്ത്രി നവ്ജ്യോത് സിംഗ് സിദ്ധുവിന്‍റെയും ശത്രുഘ്നൻ സിൻഹയുടെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്. അഭിപ്രായ ഐക്യം ഉണ്ടാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

ഷീലാ ദീക്ഷിതിന്‍റെ അന്ത്യത്തെ തുടർന്നാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം. നിലവിൽ പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾക്ക് മോല്‍നോട്ടം വഹിക്കുന്നത് മൂന്ന് വർക്കിംഗ് പ്രസിഡന്‍റുമാരാണ്.

പഞ്ചാബ് മുന്‍മന്ത്രിയും ക്രിക്കറ്റ് താരവുമായ സിദ്ദുവിനായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ താരപ്രഭ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. ദില്ലിയുടെ വിധി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകുന്ന സിഖ് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോൺ​ഗ്രസിലെത്തിയ ശത്രുഘ്നൻ സിന്‍ഹയെ പരിഗണിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. ബീഹാറിയായ സിന്‍ഹക്ക് പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ സ്വാധീനമുണ്ടെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, ദില്ലിയിൽ നിന്നുള്ള നേതാവിനെ തന്നെ സംഘടനാ കാര്യങ്ങൾ ഏൽപ്പിക്കുന്നതാവും ഉചിതമെന്നും അഭിപ്രായമുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി കഴി‍ഞ്ഞ ദിവസം നേതാക്കളുമായി കൂടുിക്കാഴ്ച നടത്തിയിരുന്നു. മുൻ ജനപ്രതിനിധികളുടെയും, പ്രദേശിക നേതാക്കളുടെയും അഭിപ്രായം തേടിയ ശേഷം റിപ്പോർട്ട് കൈമാറാനാണ് സോണിയ ഗാന്ധിയുടെ നിർദേശം.

click me!