ആളുകളെ കെട്ടിപ്പിടിച്ച് കൊവിഡ് പടര്‍ത്തുന്നെന്ന് ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് പൊലീസുകാരന്‍

By Web TeamFirst Published May 8, 2020, 11:11 PM IST
Highlights

എന്താണ് മര്‍ദനത്തിന് കാരണമെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ ഇയാള്‍ പാര്‍ക്കിന് സമീപം ആളുകളെ കെട്ടിപ്പിടിക്കുകയാണെന്നും അടിക്കാനുമാണ് ഒരാള്‍ മറുപടി പറയുന്നത്.

ദില്ലി: ആളുകളെ കെട്ടിപ്പിടിച്ച് കൊവിഡ് പടര്‍ത്തുന്നുവെന്ന് ആരോപിച്ച് ദില്ലിയില്‍ പൊലീസുകാരന്‍ യുവാവിനെ തല്ലിച്ചതച്ചു. ദക്ഷിണപടിഞ്ഞാറന്‍ ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. പൊലീസുകാരന്‍റെ നേതൃത്വത്തില്‍ ജനക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെയാണ് പുറത്ത് വന്നത്.

യുവാവിനെ തല്ലിച്ചതച്ച പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ ഡിസിപി ഇംഗിത് പ്രതാപ് സിംഗ് പറഞ്ഞു. സഗര്‍പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വടി ഉപയോഗിച്ച് യുവാവിനെ പൊലീസുകാരന്‍ തല്ലുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒരു റോഡില്‍ മധ്യഭാഗത്ത് ഇരിക്കുന്ന യുവാവിനെയാണ് തല്ലുന്നത്. രക്ഷപ്പെടാന്‍ യുവാവ് നോക്കുമ്പോള്‍ അവിടെ കൂടിയ ചിലര്‍ ചേര്‍ന്ന് തടയുകയും പൊലീസുകാരനൊപ്പം മര്‍ദ്ദനം തുടര്‍ന്നു. എന്താണ് മര്‍ദനത്തിന് കാരണമെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ ഇയാള്‍ പാര്‍ക്കിന് സമീപം ആളുകളെ കെട്ടിപ്പിടിക്കുകയാണെന്നും അടിക്കാനുമാണ് ഒരാള്‍ മറുപടി പറയുന്നത്. പ്രദേശത്ത് എസി റിപ്പയറിംഗ് നടത്തുന്ന ഇമ്രാന്‍ എന്നയാളെ പൊലീസുകാരനും ജനക്കൂട്ടവും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

സംഭവത്തെ കുറിച്ച് ഇമ്രാന്‍റെ സഹോദരി പറയുന്നതിങ്ങനെ: ഇമ്രാന്‍ പാര്‍ക്കിന് സമീപത്ത് കൂടി നടക്കുകയായിരുന്നു. റോഡിലൂടെ നടന്നതിനാല്‍ ലോക്ക്ഡൗണ്‍ പാലിക്കാത്തതില്‍ പൊലീസുകാരന്‍ പിടിക്കുമോയെന്ന് ഇമ്രാന്‍ ഭയപ്പെട്ടു. ഇതോടെ ഓടാന്‍ നോക്കിയ ഇമ്രാനെ നോക്കി അവന് കൊറോണയാണെന്ന് പൊലീസുകാരന്‍ വിളിച്ചു പറഞ്ഞു.

തുടര്‍ന്ന് പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് ഇമ്രാനെ മര്‍ദ്ദിക്കുകയായിരുന്നു. കൊറോണ പടര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇമ്രാന് വൈറസ് ബാധയില്ല, പക്ഷേ അങ്ങനെയുണ്ടെങ്കില്‍ പോലും ഇങ്ങനെ ഒരാളെ തല്ലിച്ചതയ്ക്കാമോയെന്ന് ഇമ്രാന്‍റെ സഹോദരി രവീണ ചോദിച്ചു. മര്‍ദ്ദനമേറ്റ് വീട്ടിലെത്തിയ ഇമ്രാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, പൊലീസിനെ വിളിച്ചെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ലെന്നും രവീണ കൂട്ടിച്ചേര്‍ത്തു. 

click me!