
മുംബൈ: കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ മുംബൈ കോര്‍പ്പറേഷന്‍ (ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) കമ്മീഷണറെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. പ്രവീണ്‍ പര്‍ദേശിയെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം ഇഖ്ബാല്‍ സിംഗ് ചഹലിന് ചുമതല നല്‍കി. പര്‍ദേശിയെ അര്‍ബന്‍ ഡെവലപ്‌മെന്റ് വകുപ്പിലേക്ക് സ്ഥലം മാറ്റി.
രാജ്യത്തെ കൊവിഡ് ഹോട്‌സ്‌പോട്ടായ മുംബൈയില്‍ രോഗികളുടെ എണ്ണം 11,000 കടന്നു. 400ലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ബിഎംസി തലവനെ മുഖ്യമന്ത്രി പുറത്താക്കിയത്. അഡീഷണല്‍ കമ്മീഷണറായി താനെ മുന്‍ കമ്മീഷണര്‍ സഞ്ജീവ് ജയ്‌സ്വാളിനെയും നിയമിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെത്തിയിരുന്നു. ഗലികളടക്കമുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും രോഗവ്യാപനം കുറക്കണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. മുംബൈയിലെ കൊവിഡ് വ്യാപനം അടുത്ത 15-20 ദിവസത്തിനുള്ളില്‍ കുറയുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മുംബൈയിൽ രോഗികളുടെ എണ്ണം 11967 ൽ എത്തി. ധാരാവിയിൽ 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി. 26 പേരാണ് ധാരാവിയിൽ ഇതുവരെ മരിച്ചത്.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു. ഇന്ന് 1089 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. ഇന്ന് 37 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. ഇതുവരെ 3470 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേ സമയം ലോക്ഡൗൺ നിയന്ത്രണങ്ങൾ സൈന്യത്തിന് കൈമാറുമെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ഈ മാസം അവസാനം വരെ റെഡ്സോണുകളിൽ ലോക്ഡൗൺ നീട്ടാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 7403 ആയി. സംസ്ഥാനത്ത് ഇന്ന് 390 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 24 പേർ മരിക്കുകയും ചെയ്തു. 449 പേരാണ് ഗുജറാത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 5260 രോഗികളുള്ള അഹമ്മദാബാദിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam