
ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ, മൃതദേഹങ്ങൾ മറവ് ചെയ്യാനോ സംസ്കരിക്കാനോ ഇടമില്ലാതെ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ദില്ലിയിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നായ നിഗംബോധ് ഘാട്ടിൽ ദിവസേന കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ വരിനിൽക്കുകയാണ് കുടുംബങ്ങൾ. ദിവസം 15 മൃതദേഹങ്ങൾ എത്തിയിരുന്നെങ്കിൽ ഇപ്പോഴത് ഇരട്ടിയായെന്ന് ശ്മശാന അധികൃതർ പറയുന്നു. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് മൃതദേഹങ്ങൾ സംസ്കരിക്കാൻ അധികൃതരും ബുദ്ധിമുട്ടുകയാണ്.
ദില്ലി ഐടിഒയ്ക്ക് അടുത്താണ് ഏറ്റവും വലിയ പൊതുശ്മശാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ തുടർച്ചയായി ജെസിബി കൊണ്ട് കുഴിയെടുക്കുന്നത് കാണാം. എന്നിട്ടും സ്ഥലം തികയാതെ വരികയാണ്.
70 മൃതദേഹങ്ങൾ അടക്കാനുള്ള സ്ഥലമേ ഇനി ഇവിടെയുള്ളൂ എന്ന് ശ്മശാനത്തിന്‍റെ കെയർടേക്കർ പറയുന്നു. ഇങ്ങനെ പോയാൽ പത്ത് ദിവസത്തിനകം, ശ്മശാനത്തിലെ സ്ഥലം തീരും.
ബുധനാഴ്ച മാത്രം ദില്ലിയിൽ 104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നവംബർ 20-ന് ശേഷമുള്ള ഏറ്റവുമുയർന്ന മരണനിരക്ക്. ഇന്ത്യയിൽ ഇന്നലെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒക്ടോബർ 18-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന കണക്ക്.
ദില്ലിയിൽ ആശുപത്രികൾ ചികിത്സാസൗകര്യങ്ങളുടെ അഭാവവും രൂക്ഷമാണ്. ബുധനാഴ്ച വൈകിട്ട് 6 മണി വരെയുള്ള കണക്കനുസരിച്ച് ദില്ലിയിലെ വെന്‍റിലേറ്ററുകളുള്ള ഐസിയു കിടക്കകളുടെ 85 ശതമാനവും. 88 ശതമാനം ആകെ ഐസിയു ബെഡ്ഡുകളും നിറഞ്ഞുകഴിഞ്ഞു. ദിനം പ്രതി പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വിറങ്ങലിച്ച് രാജ്യം, മരുന്ന് ക്ഷാമവും രൂക്ഷം
രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകാൻ തന്നെയാണ് സാധ്യതയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിഗമനം. അപ്പോഴും രാജ്യത്ത് വാക്സീൻ ക്ഷാമമില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി. സംസ്ഥാനങ്ങൾക്ക് വേണ്ടത്ര ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. അത് കൃത്യമായി വിതരണം ചെയ്യേണ്ട ചുമതല അതാത് സംസ്ഥാനങ്ങൾക്കാണെന്നും ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു.
വാക്സീൻ ക്ഷാമത്തിൽ വലയുകയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ആന്‍റിവൈറൽ മരുന്ന് ക്ഷാമവും മിക്ക സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. കേരളം തന്നെ രണ്ടരലക്ഷം ഡോസ് വാക്സീൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വാക്സീനുകൾക്കും അനുമതി നൽകാൻ രാജ്യമൊരുങ്ങുമ്പോൾ, മാസ് വാക്സിനേഷൻ ഡ്രൈവുകളുടെ ആവശ്യകതയുമേറുന്നു.
രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് ബാധ രണ്ട് ലക്ഷത്തിന് അടുത്തെത്താനാണ് സാധ്യത. പ്രതിദിനനിരക്ക് ഇന്നലെ ഒരു ലക്ഷത്തി എൺപത്തിനാലായിരം കടന്നിരുന്നു. തുടർച്ചയായ ഒരാഴ്ചയായി ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam