ദില്ലി: വിജയം ഉറപ്പിച്ച് ദില്ലിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. രാവിലെ പോസ്റ്റൽ വോട്ടുകളുടെ വിവരം അറിഞ്ഞപ്പോൾത്തന്നെ കെജ്‍രിവാൾ ദില്ലി ദീൻ ദയാൽ ഉപാധ്യായ് മാർഗിലെ റൗസ് അവന്യൂവിലുള്ള ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് എത്തിയിരുന്നു. 'ഫിർ ഏക് ബാർ കെജ്‍രിവാൾ' എന്ന പാട്ടുമായി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അപ്പോഴും 55 സീറ്റുകളിൽ ജയിക്കുമെന്ന ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരിയുടെ പ്രതികരണം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ്.
2015-ൽ പാർട്ടി ആസ്ഥാനത്ത് എങ്ങനെയാണോ വൻ വിജയത്തിലേക്ക് എത്തിയപ്പോൾ പ്രവർത്തകരെ ഭാര്യ സുനിതയോടൊപ്പം അഭിസംബോധന ചെയ്യാനെത്തിയത് അതേ പോലെ, ഒരു വേദി പാർട്ടി ആസ്ഥാനത്തിന് മുകളിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ പതാകയുടെ നിറങ്ങളും നീലയും വെള്ളയും ചേർന്ന ബലൂണുകൾ തൂക്കി വേദിയെ അലങ്കരിച്ചിട്ടുണ്ട്.
'ആം ആദ്മി പാർട്ടിയിൽ ചേരൂ' എന്ന് എഴുതിയ ഡിജിറ്റൽ ബോർഡുകളും അവിടെ കാണാം. ദേശീയ പതാകകളുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
ആം ആദ്മി പാർട്ടിയുടെ ഈ ദേശീയ ആസ്ഥാനം വീണ്ടുമൊരു ചൂൽ വിപ്ലവം ആഘോഷിക്കുകയാണ്. പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കരുതെന്ന് ഇന്നലെ തന്നെ കെജ്‍രിവാൾ പ്രവർത്തകരോട് പറഞ്ഞിരുന്നു.
55 സീറ്റെന്ന ആത്മവിശ്വാസത്തിൽ ബിജെപി?
മൂന്ന് സീറ്റെന്ന ദയനീയ സ്ഥിതിയിൽ നിന്ന് ബിജെപി നില മെച്ചപ്പെടുത്തുമ്പോഴും 55 സീറ്റുകളുമായി അധികാരത്തിൽ വരുമെന്നാണ് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞത്. നേരത്തേ തന്‍റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി അധികാരത്തിൽ വരുമെന്നാണ് എന്നും, ഫലം വന്ന് കഴിഞ്ഞാൽ പിന്നെ ഇവിഎമ്മുകളെ കുറ്റം പറയരുതെന്നും പറഞ്ഞ് വിവാദമുണ്ടാക്കിയ ആളാണ് മനോജ് തിവാരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam