ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബിജെപി ആംആദ്മി പോര്. സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി ട്വിറ്ററിലൂടെ അമിത്ഷാ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണെന്ന് ആംആദ്മി തിരിച്ചടിച്ചു.
ദില്ലിയിലെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്കൂളുകൾ നേരിട്ട് സന്ദർശിക്കാനായിരുന്നു കെജ്‍രിവാളിന്‍റെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപിമാരുടെ സംഘം സ്കൂളുകൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച്ചയെന്ന വിശദീകരണവുമായാണ് അമിത് ഷാ വീഡിയോ പുറത്ത് വിട്ടത്.
ബിജെപി ദില്ലി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീർ, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാർ വിവിധ സ്കൂളുകളുടെ ശോച്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ. പിന്നാലെ, പൊളിക്കാൻ വച്ചിരിക്കുന്ന കെട്ടിടങ്ങൾ കാണിച്ചുള്ള അമിത് ഷായുടെ കള്ള പ്രചരണം പാളിയെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു.
നവീകരിച്ച പുതിയ കെട്ടിടങ്ങൾ കാണിക്കാതെയുള്ള നാടകമാണിതെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. കോളനികൾക്ക് അംഗീകാരം നൽകിയ കേന്ദ്ര സർക്കാർ നടപടി ഉയർത്തിക്കാട്ടിയായിരുന്നു തുടക്കത്തിൽ ബിജെപി പ്രചരണം.പിന്നീട് ഷഹീൻ ബാഗ് സമരം ഉയർത്തി ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി ആം ആദ്മി പാർട്ടിയുടെ വികസന വാദങ്ങളെ പൊളിക്കുകയെന്ന തന്ത്രമാണ് ഇപ്പോൾ പയറ്റുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam