
ദില്ലി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് നാളെ അറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സി സി ടി വി നിരീക്ഷണവും തുടരുകയാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദില്ലി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
രാവിലെ എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി. പ്രവചനങ്ങൾ തള്ളിയ ആം ആദ്മി പാർട്ടി, സ്ഥാനാർത്ഥികളെ ബി ജെ പി ചാക്കിട്ടു പിടിക്കാൻ ശ്രമം തുടങ്ങിയെന്ന് ആരോപിച്ചു. എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബി ജെ പിക്ക് വിജയം പ്രവചിച്ചതോടെ എ എ പി ക്യാമ്പ് വലിയ ആശങ്കയിലാണ്. എക്സിറ്റ് പോളുകൾ ബി ജെ പിയുടെ നാടകമെന്നാണ് എ എ പി പ്രതികരിച്ചത്.
എ എ പി സ്ഥാനാർത്ഥികൾക്ക് മന്ത്രിസ്ഥാനവും 15 കോടി രൂപയും വാഗ്ദാനം ചെയ്ത് ബിജെപി കുതിര കച്ചവടത്തിന് ശ്രമിക്കുന്നത് ഇതിന് തെളിവെന്നും എ എ പി ആരോപിച്ചു. സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച കെജ്രിവാൾ ആരെയും ബി ജെ പിക്ക് അടർത്തിയെടുക്കാനാവില്ലെന്ന് വ്യക്തമാക്കി. അരവിന്ദ് കെജ്രിവാൾ മത്സരിക്കുന്ന ന്യൂഡെൽഹി, മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര തുടങ്ങിയ സീറ്റുകളിലും സ്ഥിതി ഭദ്രമല്ലെന്നാണ് എ എ പി നേതൃത്വത്തിൻറെ വിലയിരുത്തൽ. എക്സിറ്റ് പോൾ പ്രവചനം ശരിയായാൽ ഇന്ത്യ സഖ്യത്തിലും ദില്ലി ഫലം പൊട്ടിത്തെറിക്കിടയാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam