
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ദില്ലിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പി സി ചാക്കോ രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ചാക്കോ രാജിക്കത്ത് കൈമാറി. അതി ദയനീയ പ്രകടനമാണ് ദില്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവച്ചത്. ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനായില്ല. ആകെ പോൾ ചെയ്തതിന്‍റെ 4.26 ശതമാനം വോട്ടുകൾ മാത്രമേ കോൺഗ്രസിന് നേടാൻ പോലുമായുള്ളൂ.
ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച ആരംഭിച്ചത് 2013 മുതലാണെന്നാണ് പി സി ചാക്കോ പറയുന്നത്. ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തകർച്ച ആരംഭിച്ചു. ആം ആദ്മി പാർട്ടി വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്ക് മുഴുവൻ അങ്ങോട്ട് പോയി, ഈ വോട്ടുകൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"
ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന നേരത്തെ തന്നെ പിസി ചാക്കോ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ലെന്നും ദില്ലി പിസിസി തെരഞ്ഞെടുപ്പിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പി സി ചാക്കോ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പരാജയമായിരുന്നുവെന്നും. ദില്ലി കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്താതെ ഇക്കാര്യത്തില്‍ പരിഹാരമില്ലെന്നും ദില്ലിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമൻറിന് അറിയിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ തന്നെ ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും പിസി ചാക്കോ അന്ന് കൂട്ടിച്ചേർത്തിരുന്നു.
70ല്‍ 62 സീറ്റ് നേടിയാണ് കെജ്‍രിവാളും ആം ആദ്മി പാർട്ടിയും അധികാരം നിലനിർത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടി ആകെ പോള്‍ ചെയ്തതിന്‍റെ 53.57 ശതമാനം വോട്ടുകള്‍ നേടി. ബിജെപിക്ക് 38.5 ശതമാനം വോട്ട് ലഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam