
ദില്ലി: തലസ്ഥാന നഗരിയിലെ വായുമലിനീകരണം തടയുന്നതിനായി സ്വകാര്യ കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും പങ്കാളികളാക്കി 104 കോടി രൂപയുടെ പൈലറ്റ് പദ്ധതിയുമായി ദില്ലി സർക്കാർ. നഗരത്തിലെ 40 പ്രധാന കേന്ദ്രങ്ങളിൽ PM10, PM2.5 നിരക്കുകൾ 20 ശതമാനം വരെ കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയാണ് (DPCC) ഒരു വർഷം ദൈർഘ്യമുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ഖാൻ മാർക്കറ്റ്, കണോട്ട് പ്ലേസ്, ഡിഫൻസ് കോളനി തുടങ്ങിയ തുറസായതും ഭാഗികമായി അടച്ചതുമായ പൊതുസ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും ഒന്നു മുതൽ ഒന്നര ഏക്കർ വരെയുള്ള പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള വിവിധ സാങ്കേതികവിദ്യകൾ പരീക്ഷിക്കും.
പദ്ധതി നടപ്പിലാക്കുന്ന 40 സ്ഥലങ്ങളെ അഞ്ച് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
ഇതിൽ 29 സ്ഥലങ്ങളും (72.5%) വാണിജ്യ മേഖലകളിലാണ്. സെൻട്രൽ, സൗത്ത് ഡൽഹി മേഖലകളിൽ മാത്രം 19 കേന്ദ്രങ്ങളുണ്ട്. കണോട്ട് പ്ലേസിലെ സെൻട്രൽ പാർക്ക്, ഇന്ത്യാ ഗേറ്റ് ചിൽഡ്രൻസ് പാർക്ക്, ലോട്ടസ് ടെമ്പിൾ കൊറിഡോർ, കശ്മീരി ഗേറ്റ്, ആനന്ദ് വിഹാർ, സാരായ് കാലേ ഖാൻ ഐഎസ്ബിടികൾ എന്നിവയും ജി ബി പന്ത്, ദീൻ ദയാൽ ഉപാധ്യായ ഉൾപ്പെടെയുള്ള നാല് ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി യൂണിവേഴ്സിറ്റി ആർട്സ് ഫാക്കൽറ്റിയാണ് പദ്ധതിയിൽ ഉൾപ്പെട്ട ഏക വിദ്യാഭ്യാസ സ്ഥാപനം. ചന്ദ്നി ചൗക്ക് മെയിൻ റോഡ്, ബാബാ ഖരക് സിംഗ് മാർഗ് തുടങ്ങിയ മൂന്ന് പ്രധാന റോഡുകളിലും സംവിധാനങ്ങൾ ഏർപ്പെടുത്തും.
ഔട്ട്ഡോർ എയർ പ്യൂരിഫയറുകൾ, മിസ്റ്റ് അധിഷ്ഠിത സ്ക്രബ്ബറുകൾ, ഇലക്ട്രോസ്റ്റാറ്റിക് പ്രെസിപിറ്റേറ്ററുകൾ തുടങ്ങിയ ഏത് തരം സാങ്കേതികവിദ്യകളും കമ്പനികൾക്ക് ഉപയോഗിക്കാം. എന്നാൽ ഇവ സർക്കാർ ലബോറട്ടറിയുടെ അംഗീകാരമുള്ളതും ഓസോൺ ഉദ്‌വമനം, അമിത ശബ്ദം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാത്തതുമാകണം. സെൻസറുകൾ ഉപയോഗിച്ച് പ്രതിദിന വായുനിലവാരം ഡിപിസിസി നേരിട്ട് നിരീക്ഷിക്കും. കൂടാതെ പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്താൻ സ്വതന്ത്ര സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam