ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയ കണക്കില്ലാത്ത പണം; സുപ്രീംകോടതി നടപടി തിങ്കളാഴ്ച

Published : Mar 22, 2025, 05:21 PM ISTUpdated : Mar 22, 2025, 05:24 PM IST
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയ കണക്കില്ലാത്ത പണം; സുപ്രീംകോടതി നടപടി തിങ്കളാഴ്ച

Synopsis

ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ട് ദേശീയ തലത്തിൽ പ്രധാന ചർച്ചയാണ്. 

ദില്ലി : ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ സുപ്രീം കോടതി തുടർ നടപടി തിങ്കളാഴ്ചയോടെ ഉണ്ടാകും. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ട് സുപ്രീംകോടതി കൊളീജിയം പരിശോധിക്കും. 

ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ട് ദേശീയ തലത്തിൽ പ്രധാന ചർച്ചയായി തുടരുകയാണ്. ഇന്നലെ രാത്രി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിച്ചുവെന്നാണ് രജിസ്ട്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഈ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കൊളീജിയം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകുമെന്നാണ് വിവരം. 

പണം കണ്ടെത്തിയെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ദില്ലി പൊലീസിൽ നിന്നടക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ജഡ്ജി വെർമ്മയുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജഡ്ജിക്കെതിരായ കണ്ടെത്തലുകൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ടെങ്കിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  ജസ്റ്റിസ് വെർമ്മയുടെ രാജി ആവശ്യപ്പെടാനും ഇടയുണ്ട്. രാജിക്ക് ജഡ്ജി തയ്യാറായില്ലെങ്കിൽ 1999 സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മൂന്നംഗ അന്വേഷണ സമിതിയെ ചീഫ് ജസ്റ്റിസ് നിയോഗിക്കും. ഇംപീച്ച് ചെയ്യുന്നതടക്കമുള്ള നടപടികൾ ഇതിൻറെ അടിസ്ഥാനത്തിൽ കൊക്കൊള്ളാം.  

കൊളീജീയത്തിലെ രണ്ട് ജഡ്ജിമാർ നിലവിൽ മണിപ്പൂർ സന്ദർശനത്തിലായതിനാൽ തിങ്കളാഴ്ച്ചയോടെ അന്തിമതീരുമാനത്തിനാണ് സാധ്യത. ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയില്ലെന്ന് ഫയർഫോഴ്സ് മേധാവി വിശദീകരിച്ചെങ്കിലും ദില്ലി പൊലീസ് ചില തെളിവുകൾ കോടതിക്ക് നല്കിയിട്ടുണ്ട്. പൊലീസ് നല്കിയ വിഡിയോ ദൃശ്യങ്ങൾ കൊളീജിയം പരിശോധിച്ചുവെന്നാണ് സൂചന. തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് പരിശോധന നടത്തിയത്.

ഇതിനിടെ യുപിയിലെ ഹാപ്പൂരിലെ പഞ്ചസാര ഫാക്ടറിക്കെതിരെ സിബിഐ എടുത്ത വായ്പ തട്ടിപ്പ് കേസിൽ ഫാക്ടറിയുടെ നോൺ ഏക്സീക്യൂട്ടീവ് ഡയറക്ടറായിരുന്ന ജ.യശ്വന്ത് വെർമ്മെക്കെതിരെ 2018ൽ കേസ് എടുത്തിരുന്നു എന്ന വിവരം പുറത്തു വന്നു. കേസെടുത്ത സമയത്ത് ജസ്ററിസ് വർമ്മ ജഡ്ജിയായതിനാൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. പണം കണ്ടെത്തിയെന്ന റിപ്പോർട്ട് ദില്ലി പൊലീസ് ഇതുവരെ തള്ളാത്ത സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് കൂടി സർക്കാർ തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്. 

കേരളത്തെ തണുപ്പിച്ച് മഴ, വരും മണിക്കൂറിൽ ഇടിമിന്നൽ മഴക്ക് സാധ്യത; തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

 

PREV
Read more Articles on
click me!

Recommended Stories

610 കോടി തിരിച്ച് നൽകി! ആയിരങ്ങളെ ബാധിച്ച ഇൻഡിഗോ പ്രതിസന്ധിയിൽ പരിഹാരമാകുന്നു, വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം