
ദില്ലി: ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന് തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ തള്ളി. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്ന ഹർജി അതെ ജഡ്ജി തന്നെയാണ് തള്ളിയത്. സമ്മർദ്ദം ചെലുത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചും കോടതിയുടെ വിശ്വാസ്യത ഇടിക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കാനാകില്ലെന്ന് രണ്ട് മണിക്കൂറിലധികം നീണ്ട് നിന്ന വിധി പ്രസ്താവത്തിൽ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പറഞ്ഞു.
മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഉന്നയിച്ച ഒരോ വാദത്തിനും എണ്ണിമറുപടി പറഞ്ഞാണ് ജഡ്ജി ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ വിധി പറഞ്ഞത്. തന്റെ മക്കൾ കേന്ദ്ര സർക്കാരിൻ്റെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരാണെന്നത് പക്ഷപാതം ആരോപിക്കാൻ കാരണമല്ല. തന്റെ മകൾക്ക് ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരും അഭിഭാഷകരുടെ മക്കൾ അഭിഭാഷകരായും രാജ്യത്ത് മാറുന്നുണ്ട്. ഇതിൽ തെറ്റില്ല. സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ മകൾക്ക് കൂടുതൽ കേസ് നൽകുന്നു എന്ന വാദം തെറ്റാണ്. ഇതൊന്നും ജഡ്ജിയെന്ന നിലയിലുള്ള തന്റെ ചുമതലയെ ബാധിക്കില്ല. സംഘപരിവാർ സംഘടനയായ അഭിഭാഷകപരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് നിയമപരിപാടി എന്ന നിലയിലാണ്. ഇത്തരം നിരവധി പരിപാടികളിൽ താൻ പങ്കെടുക്കുന്നുണ്ട്. അഭിഭാഷക കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഏങ്ങനെ പക്ഷപാതം ഉണ്ടാകുമെന്ന് ജഡ്ജി ചോദിച്ചു.
ജുഡീഷ്യൽ മജിസ്ട്രേറ്റിൽ തുടങ്ങി, 34 വർഷത്തെ പ്രവർത്തനപരിചയമാണ് തന്റെ ശക്തി. ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയ്ക്കാൻ കെജ്രിവാളിന്റ കൈവശം തെളിവില്ല. ജഡ്ജിക്ക് എതിരെ ഉന്നയിച്ച ആരോപണം കോടതിക്ക് എതിരായ നീക്കമാണ്. കെജരിവാളിന് താൻ നിരാപരാധിയെന്ന് വാദിക്കാം. എന്നാൽ ജഡ്ജി കളങ്കിതയാണെന്ന് പൊള്ളയായ വാദം ഉന്നയിക്കരുതെന്നും ജഡ്ജി പറഞ്ഞു. ഇത്തരം കാര്യങ്ങൾ അനുവദിച്ചാൽ അത് ഭാവിയിലും ആവർത്തിക്കും. ശക്തരായ ഹർജിക്കാർക്ക് ഏത് ജഡ്ജിയെയും ആക്രമിക്കാൻ ഇത് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ആവശ്യം തള്ളിയത്. പിൻമാറിയാൽ ജുഡീഷ്യൽ അന്തസത്തയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്നും ഭരണഘടന ഉയർത്തിയാണ് മുന്നോട്ട് പോകുന്നതെന്നും ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പറഞ്ഞു. സിബിഐ അപ്പീലിൽ ഈ മാസം 29ന് വീണ്ടും വാദം കേൾക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam