
ദില്ലി: ഇൻഡിഗോ സർവീസ് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കില്ലെയെന്നും എന്തുകൊണ്ട് നിങ്ങൾക്ക് മാത്രം പ്രശ്നമെന്നും ഇൻഡിഗോയോട് കോടതി ചോദിച്ചു, മറ്റുള്ളവർ നിയമം പാലിച്ചു, മറ്റ് വിമാന കമ്പനികൾ ടിക്കറ്റിന് നാല്പതിനായിരം രൂപവരെ ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ചോദിച്ചു. കൂടാതെ യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിൽ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.
ഇൻഡിഗോ വിമാന കമ്പനിക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹൻ നായിഡു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അടക്കമുള്ളവരെ മാറ്റുമെന്നും വ്യോമയാനമന്ത്രി മുന്നറിയിപ്പു നല്കി. പ്രതിസന്ധിയിൽ ഡിജിസിഎയുടെ പങ്ക് അന്വേഷിക്കുമെന്ന സൂചനയും കേന്ദ്രം നല്കി. ഇൻഡിഗോയുടെ വിമാനസർവ്വീസുകൾ സാധാരണ നിലയിലേക്ക് എത്തുന്നു എന്ന് കമ്പനി ഇന്നലെ സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ ചില സർവ്വീസുകൾ ഇന്നും റദ്ദാക്കേണ്ടി വന്നതായാണ് റിപ്പോർട്ട്. ഇൻഡിഗോയുടെ പത്തു ശതമാനം സർവ്വീസുകൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ ഇന്നലെ ഉത്തരവ് നല്കിയിരുന്നു. ഇൻഡിഗോ സിഇഒ ഇന്നലെ വ്യോമയാനമന്ത്രിയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ സിഇഒ പീറ്റർ എൽബേഴ്സിനെ മാറ്റുന്നത് അടക്കം നിർദ്ദേശങ്ങൾ കമ്പനിക്ക് നല്‍കാനാണ് സർക്കാർ ആലോചന. ഇൻഡിഗോ മനപൂർവ്വം പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. ഒരാഴ്ചയായി തനിക്ക് ഉറക്കമില്ലെന്ന് മന്ത്രി ഒരു ഇംഗ്ളീഷ് പത്രത്തോട് പറഞ്ഞിട്ടുണ്ട്. ഡിജിസിഎയ്കക് വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കും. ഈ വർഷം മാർച്ച് മുതൽ ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണത്തിൽ മൂന്നു ശതമാനം കുറവ് വന്നുവെന്ന കണക്കുകൾ ഇതിനിടെ പുറത്തു വന്നു. അതായത് ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ മാറ്റം നടപ്പാക്കാൻ 1000 പൈലറ്റുമാരെയെങ്കിലും കൂടുതൽ നിയമിക്കണം എന്നിരിക്കെ ഉള്ള ജീവനക്കാരെ കമ്പനി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതേ സമയത്ത് എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ എണ്ണം ഇരട്ടിയായി ഉയർന്നെന്നും കണക്കുകളിൽ കാണുന്നു. പ്രതിദിനം 200 സർവ്വീസുകൾ വരെ കുറച്ച ശേഷമുള്ള ഇൻഡിഗോയുടെ പുതുക്കിയ ഷെഡ്യൂൾ ഉടൻ സർക്കാരിന് സമർപ്പിക്കും. എയർ ഇന്ത്യ അടക്കം മറ്റ് കമ്പനികൾക്ക് ഈ സർവ്വീസുകൾ സർക്കാർ കൈമാറും. പുതിയ വിമാനകമ്പനികൾക്ക് അനുമതി നല്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.