
ബാരാബങ്കി (ഉത്തർപ്രദേശ്): യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് ഒരു യുവതിക്ക് യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയത്. മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. തേബഹദൂർ റാവത്തിന്‍റെ ഭാര്യയായ മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നത്.
ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ കെട്ടി വെച്ചതായി പൊലീസ് പറഞ്ഞു.
മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്‍റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.
ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സർക്കാർ ജോലിയുടെ മറവിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഈ അനധികൃത ക്ലിനിക്ക് ഇപ്പോൾ പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ക്ലിനിക്ക് ഓപ്പറേറ്റർക്കും മരുമകനുമെതിരെ അശ്രദ്ധ കാരണം മരണത്തിനിടയാക്കിയതിന് പുറമെ, എസ്‍സി/എസ്‍ടി (അതിക്രമങ്ങൾ തടയൽ) നിയമം 1989 പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam