
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണിടത്ത് രാത്രി വൈകിയും രക്ഷാപ്രവത്തനം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. സര്‍ക്കാരിന്‍റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഉച്ചക്ക് ഒന്നരയോടെയാണ് തെക്കന്‍ ദില്ലിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ദില്ലി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് നാല്പത് പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍.
ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറിങ്ങിയത്. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴസ് , പോലീസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിന്നാലെയെത്തി. കോണ്‍ക്രീറ്റ് പാളികള്‍ വെട്ടിപൊളിച്ച് ആളുകളെ പുറത്തെടുക്കാന്‍ വലിയ കാലതാമസം നേരിടുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
കെട്ടിടത്തിന്‍റെ കാലപ്പഴക്കവും, ദിവസങ്ങളായി തുടരുന്ന കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുര്‍ബലമായ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. 75 പേരെയാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് വിവരം. അവധി ദിനമായിരുന്നതിനാല്‍ പലരും വീടുകളിലേക്ക് പോയിരുന്നു. ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്ന സമീപമുള്ള കെട്ടിടവും ദുര്‍ബലാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ അവിടെയുള്ളവരെ ഒഴിപ്പിച്ചു. അപകടസ്ഥലം ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത നേരിട്ടെത്തി വിലയിരുത്തി തുടർന്ന് പരിക്കേറ്റവരെ സന്ദർശിച്ചു . ദുരന്തത്തിൽ കെട്ടിടം ഉടമക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.
കെട്ടിടം തകര്‍ന്ന് അടുത്തിടെയുണ്ടായ മൂന്നാമത്തെ ദുരന്തമാണിത്. നിയമലംഘനം നടത്തി നിര്‍മ്മിച്ചതും കാലപ്പഴക്കം ചെന്നവുമായ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സര്‍ക്കാരിന്‍റെ നിരുത്തരവാദത്തെ ചോദ്യം ചെയ്ത മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമീപകാലത്താണ് ഇതുപോലെ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതെന്നും കുറ്റപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമല്ലാത്തതിനെ കോണ്‍ഗ്രസും, സിജെപിയും കുറ്റപ്പെടുത്തി. ഗോവയിലെ പരിപാടികള്‍ റദ്ദ് ചെയ്ത അമിത് ഷാ മുഖ്യമന്ത്രിയില്‍ നിന്നും, ലഫ് ഗവര്‍ണ്ണറില്‍ നിന്നും വിവരങ്ങള്‍ തേടി. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam