വാഗ്ദാനത്തിലൊതുങ്ങിയ താങ്ങുവില,സമിതിയിൽ അവിശ്വാസമെന്ന് കർഷക സംഘടനകൾ,കർഷക സമരത്തിന് അരങ്ങൊരുങ്ങി ദില്ലി

By Web TeamFirst Published Aug 17, 2022, 5:21 AM IST
Highlights

യുപി ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സർക്കാർ ഒടുവില്‍ കർഷക സമരങ്ങൾക്ക് കാരണമായ നിയമങ്ങള്‍ പിൻവലിക്കുകയായിരുന്നു

ദില്ലി: കർഷ സമരം അവസാനിച്ച് ഒരു വര്‍ഷത്തോട് അടക്കുന്പോഴും വിളകളുടെ താങ്ങുവിലയില്‍ ഇനിയും തീരുമാനമായിട്ടില്ല. താങ്ങുവില പഠിക്കാന്‍ സർക്കാർ നിയോഗിച്ച സമിതിയോട് പ്രധാനപ്പെട്ട കർഷക സംഘടനകള്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. താങ്ങുവിലയില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വൈകാതെ സമരത്തിലേക്ക് തുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണ് കർഷകർ.

ഒരു വർഷവും നാല് മാസവുമാണ് കർഷക സമരം നീണ്ട് നിന്നത്. യുപി ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സർക്കാർ ഒടുവില്‍ കർഷക സമരങ്ങൾക്ക് കാരണമായ നിയമങ്ങള്‍ പിൻവലിക്കുകയായിരുന്നു. അന്ന് പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനത്തില്‍ വിളകൾക്ക് താങ്ങുവില ഉറപ്പാക്കാനുള്ള ആവശ്യം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. കാർഷിക നിയമങ്ങള്‍ പിന്വതലിക്കപ്പെട്ടെങ്കിലും വിളകളുടെ താങ്ങ് വില ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. 

താങ്ങ് വില ചർച്ച ചെയ്യാനുള്ള സമിതിക്ക് പോലും ഇനിയും ചേരാനായിട്ടില്ല. അതിലും വലിയ കാര്യം നിലവില്‍ സർക്കാർ സംഘടിപ്പിച്ച എംഎസ്പി സമിതി സംയ്കുത കിസാൻ മോർച്ച ഉൾപ്പെടെ പല കർഷക സംഘടനകളും തള്ളികളഞ്ഞു എന്നതാണ്. 26 അംഗ സമിതിയില്‍ വെറും മൂന്ന് അംഗങ്ങളെയാണ് എസ് കെ എം പ്രതിനിധികളായി ഉൾപ്പെടുത്തിയിട്ടുള്ളത്. അത് ആംഗീകരിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. 

കൂടാതെ നിലവിലുള്ള സമിതിയിലെ അംഗങ്ങളെല്ലാം കാർഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണെന്നും സമിതി പ്രഹസനമാണന്നും എസ് കെ എം ആരോപിക്കുന്നുണ്ട്. അതിനാല്‍ തന്നെ സമിതിയില്‍ അംഗം ആകാനുള്ള ക്ഷണം എസ് കെ എം ഉള്‍പ്പെടെ തള്ളി കളഞ്ഞിട്ടുണ്ട്. താങ്ങുവില ഒരു നിയമമാക്കാതെ ഉറപ്പുകള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് ഈ സംഘടനകളുടെ നിലപാട്. 

എന്നാല്‍ കേന്ദ്ര കൃഷി മന്ത്രി പാർലമെന്റില്‍ പറഞ്ഞത് നിമയമമാക്കുമെന്ന് ഒരു ഉറപ്പും കർഷകർക്ക് നൽകിയിട്ടില്ല. ഇതും കർഷക സംഘടനകള്‍ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്താനായി ചൂണ്ടിക്കാട്ടുന്നുണ്ട്. എതിർപ് നിലനിൽക്കേ തന്നെ എന്തായാലും ഈ മാസം 22 ന് സർക്കാര്‍ നിയോഗിച്ച എംഎസ്പി സമിതി ആദ്യ യോഗം ചേരാൻ പോവുകയാണ്. തുടക്കത്തില്‍ തന്നെ കല്ലുകടിയുണ്ടായതാണ് സാഹചര്യം. അതൊഴിച്ച് നിർത്തിയാല്‍ തന്നെ ഇനി യോഗം ചേർന്നാല്‍ ഇത്രയും വലിയൊരു വിഷയത്തില്‍ സർക്കാര്‍ എന്തെങ്കലും ഒരു തീരുമാനമെടുക്കാന്‍ തന്നെ എത്രനാളെടുക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും സമിതി യോഗം ചേരുന്ന ദിവസം തന്നെ ഒരുവിഭാഗം കർഷകർ ദില്ലിയില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്

click me!