ഭര്‍ത്താവുമായി വഴക്ക്; രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി

By Web TeamFirst Published Aug 16, 2022, 10:24 PM IST
Highlights

മരിക്കുന്നതിന് തൊട്ടുമുമ്പ് ആയിഷയും ഭര്‍ത്താവും തമ്മിൽ വഴക്കുണ്ടായതായും പൊലീസ്

മീററ്റ് (ഉത്തര്‍പ്രദേശ്) : ഭര്‍ത്താവുമായുണ്ടായ വഴക്കിൽ മനംനൊന്ത് രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഗോവിന്ദപുരി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ നാല് മാസവും രണ്ട് വയസ്സുമുള്ള പെൺമക്കളെ കൊന്ന ശേഷം ആയിഷ വീടിന് സമീപത്തെ ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആയിഷയും ഭര്‍ത്താവും തമ്മിൽ വഴക്കുണ്ടായതായും പൊലീസ് പറഞ്ഞു. 

ആയിഷയുടെ മൃതദേഹം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വൈകീട്ടോടെയാണ് കണ്ടതെന്ന് സര്‍ക്കിൾ ഇൻസ്പെക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇതേ സ്ഥലത്തുതന്നെ രണ്ടെ പെൺമക്കളുടെയും മൃതദേഹങ്ങളും കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ആയിഷയുടെ സഹോദരൻ ട്രക്ക് ഡ്രൈവറായ മുസ്താക് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. 

അതേസമയം കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു.

കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

നാട്ടുകാർ നടത്തിയ തെരച്ചിലില്‍ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ഇരുവരും മരണപ്പെട്ടിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. അതേസമയം, കോഴിക്കോട് തന്നെ  സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജു (47) നെയാണ്  കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുക്കൾ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More : കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

click me!