ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ

Published : Oct 17, 2022, 09:49 PM ISTUpdated : Oct 17, 2022, 09:56 PM IST
ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ

Synopsis

മദ്യ നയ കേസിൽ ഒരു അഴിമതിയും കണ്ടെത്താൻ സിബിഐക്ക് സാധിച്ചിട്ടില്ലെന്നും തന്നെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കമെന്നും സിസോദിയ പറഞ്ഞു.

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ദില്ലി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ രാത്രി ഒമ്പത് മണിയോടെയാണ് മടങ്ങിയത്. പ്രവർത്തകർക്കൊപ്പം രാജ്ഘട്ടിൽ പ്രാർത്ഥിച്ചു റാലി ആയാണ് സിസോദിയ ചോദ്യം ചെയ്യലിന് എത്തിയത്. 

തന്നെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കമെന്ന് സിസോദിയ പറഞ്ഞു. മദ്യ നയ കേസിൽ ഒരു അഴിമതിയും കണ്ടെത്താൻ സിബിഐക്ക് സാധിച്ചിട്ടില്ല. ഒമ്പത് മണിക്കൂർ നീണ്ട സിബിഐയുടെ ചോദ്യം ചെയ്യലിൽ തനിക്കത് വ്യക്തമായിയെന്നും ദില്ലിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനാണ് ശ്രമമെന്നും മനീഷ് സിസോദിയ പറഞ്ഞു. സിസോദിയയോട് നിലവിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഐ പ്രതികരിച്ചു. സിസോദിയ നൽകിയ മറുപടി പരിശോധിച്ച ശേഷം അവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ഏജൻസി വ്യക്തമാക്കി. ഗുജറാത്തിൽ ബിജെപി തോൽവി ഭയന്നാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് എന്ന് എഎപി ആരോപിച്ചു.

Also Read:  'കെട്ടിച്ചമച്ച കേസ്, അറസ്റ്റിന് നീക്കം,ഗുജറാത്തിലെ എഎപി പ്രചാരണം തടയാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗം' : സിസോദിയ

എന്താണ് ദില്ലി മദ്യ നയ കേസ് ?

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ