
ദില്ലി: ദില്ലി മദ്യ നയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. സമയം നീട്ടി ചോദിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. പുതുക്കിയ തീയതി നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കവിതയെ അറിയിക്കും.
കവിതയുടെ ബിനാമി എന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയ അരുൺ രാമചന്ദ്രൻ പിള്ള നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം. മദ്യ വിതരണ ലൈസൻസുകൾ ലഭിക്കാൻ ആംആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കോഴ നൽകി എന്നാണ് അരുൺ മൊഴി നൽകിയത്. അന്വേഷണവുമായി പൂർണമായും സഹകരിക്കും എന്ന് കവിത പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ഭയപ്പെടുത്താൻ നോക്കുകയാണ് എന്നും, ഇത് വച്ചു പൊറുപ്പിക്കില്ല എന്നും കവിത പ്രതികരിച്ചു. അതേസമയം മുന്‍ ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജെയിലിൽ എത്തി ചോദ്യം ചെയ്തു.
തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് ദില്ലി റോസ് അവന്യൂ കോടതിയിൽ അരുണിനെ ഹാജരാക്കി. ഈ മാസം13 വരെ അരുണിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട മദ്യവ്യവസായികളുൾപ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ. തെലങ്കാനമുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കവിത കാൽവകുന്തളയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam